പ്രതിഷേധം; ഒരു ചായക്കടക്കാരന്റെ മൻ കി ബാതിന്റെ പ്രദര്‍ശനം ഉപേക്ഷിച്ചു, ദില്ലിയില്‍ മറ്റൊരിടത്ത് പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകൻ

By Web TeamFirst Published Sep 25, 2019, 2:08 PM IST
Highlights

നോട്ട് നിരോധനത്തിനെതിരെയുളള പ്രതിഷേധം പ്രമേയമാക്കിയ ഒരു ചായക്കടക്കാരന്റെ മൻ കി ബാതിന്റെ ദില്ലിയിലെ പ്രദര്‍ശനം ഉപേക്ഷിച്ചു.


നോട്ട് നിരോധനത്തിന് എതിരെയുള്ള പ്രതിഷേധം പ്രമേയമായി ഒരുക്കിയ ഡോക്യുമെന്റിയായ ഒരു ചായക്കടക്കാരന്റെ മൻ കി ബാതിന്റെ പ്രദര്‍ശനം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ദില്ലിയില്‍ കേരള ക്ലബ്ബില്‍ നടക്കാനിരുന്ന തിങ്കളാഴ്‍ച നടത്താനിരുന്ന പ്രദര്‍ശനമാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്.  തീരുമാനിച്ച പ്രദര്‍ശനം ഒഴിവാക്കിയെങ്കിലും ദില്ലിയില്‍ തന്നെ മറ്റൊരിടത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് സംവിധായകൻ സനു കുമ്മിള്‍ ദ ഹിന്ദുവിനോട് പറഞ്ഞു.

എഴുപത്തിയഞ്ചുകാരനായ യഹിയ ആയിരുന്നു ഡോക്യുമെന്ററിയില്‍ അഭിനയിച്ചത്. നോട്ടുനിരോധനത്തെ തുടര്‍ന്ന്, തന്റെ കയ്യിലുള്ള 23000 രൂപ മാറാൻ ബാങ്കില്‍ യഹിയ ക്യൂ നിന്നപ്പോള്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു. പിന്നീട് ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ യാഹിയ നോട്ടുനിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി പാതി തലമുടിയും പാതി മീശയും വടിച്ചുകളഞ്ഞിരുന്നു. ഇത് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു.  ഇക്കാര്യമാണ് സനു കുമ്മിള്‍ ഒരു ചായക്കടക്കാരന്റെ മൻ കി ബാതി എന്ന പേരില്‍ ഡോക്യുമെന്ററിയാക്കിയത്.  ഐഡിഎസ്എഫ്‍എഫ്കെയില്‍   മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും ഒരു ചായക്കടക്കാരന്റെ മാൻ കി ബാത് സ്വന്തമാക്കിയിരുന്നു.

കേരള ക്ലബ്ബുമായി സഹകരിച്ച് ക്ലോണ്‍ സിനിമ ആള്‍ടെര്‍നേറ്റീവ് ആയിരുന്നു ദില്ലിയില്‍ ഒരു ചായക്കടക്കാരന്റെ മൻ കി ബാതിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടെന്ന് സംഘാടകര്‍ തലേദിവസം രാത്രി തന്നെ വിളിച്ചുപറയുകയായിരുന്നുവെന്ന് സനു കുമ്മിള്‍ ദ ഹിന്ദുവിനോട് പറഞ്ഞു. സംഘപരിവാറുമായി ബന്ധപ്പെട്ട പ്രാദേശിക നേതാക്കള്‍ സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് അവര്‍ പറഞ്ഞു.  പ്രദര്‍ശനം ഉപേക്ഷിക്കുകയും ചെയ്‍തു. എന്നാല്‍ ദില്ലിയില്‍ തന്നെ മറ്റൊരിടത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും സനു കുമ്മിള്‍ പറയുന്നു.

click me!