ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് സംവിധായകൻ ജിസ് ജോയ്. താൻ ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രമാണെന്നും 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും ജിസ് ജോയ്.
കൊച്ചി: ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് സംവിധായകൻ ജിസ് ജോയ്. താൻ ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രമാണെന്നും 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും ജിസ് ജോയ് വ്യക്തമാക്കി. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. യാതൊരു കരാറും പരാതി നൽകിയ ആളുമായി ഉണ്ടാക്കിയിട്ടില്ല. വാസ്തവ വിരുദ്ധമായ പരാതിയാണെന്നും തന്‍റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പ്രതികരിച്ചു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും ജിസ് ജോയ് പറഞ്ഞു.
ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസെടുത്തത്. കൊച്ചി സ്വദേശിയാണ് പരാതി നൽകിയത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകൻ ജിസ് ജോയ് നാലാം പ്രതിയുമാണ്. ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.


