'പുതുപ്പേട്ടൈ', 'ആയിരത്തിൽ ഒരുവൻ' എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുന്നു; വമ്പൻ അപ്‌ഡേറ്റുമായി സെൽവരാഘവൻ

Published : Oct 24, 2025, 08:35 PM IST
Selvaraghavan

Synopsis

സംവിധായകൻ സെൽവരാഘവൻ തൻ്റെ ജനപ്രിയ ചിത്രങ്ങളായ 'ആയിരത്തിൽ ഒരുവൻ', 'പുതുപ്പേട്ടൈ' എന്നിവയുടെ രണ്ടാം ഭാഗങ്ങൾ ഒരുക്കുന്നതായി വെളിപ്പെടുത്തി. സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമാണ് സെൽവരാഘവൻ. 

തമിഴ് സിനിമയിൽ വലിയ ആരാധകരുള്ള സംവിധായകനാണ് സെൽവരാഘവൻ. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങീ ചിത്രങ്ങൾ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. അതിൽ തന്നെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ധനുഷ് നായകനായി എത്തിയ പുതുപ്പേട്ടൈയും, കാർത്തി നായകനായി എത്തിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രവും. ഇപ്പോഴിതാ ഇരു ചിത്രങ്ങളുടെയും രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.

ആയിരത്തിൽ ഒരുവന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും, പുതുപ്പേട്ടൈയുടെ തിരക്കഥ 50 % പൂർത്തിയായെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സെൽവരാഘവൻ പറഞ്ഞു. "ആയിരത്തിൽ ഒരുവനിൽ പ്രശ്നങ്ങളില്ല, തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതുപോലെ പുതുപ്പേട്ടൈയുടെ സ്ക്രിപ്റ്റ് 50 ശതമാനം പൂർത്തിയായി. രണ്ടു സിനിമകളുടെ കഥയിൽ എനിക്കൊരു തൃപ്തിവരുന്നത് വരെ എഴുതും. കാർത്തിയും ധനുഷും അടുത്ത മൂന്ന് വർഷത്തേക്ക് തിരക്കിലാണ്. എല്ലാം ഒന്ന് ശരിയായി വന്നാൽ സിനിമ തുടങ്ങും." സെൽവരാഘവൻ പറഞ്ഞു.

ബൾട്ടിയിൽ മികച്ച പ്രകടനം

വലിയ പ്രതീക്ഷയോടെയാണ് സെൽവരാഘവന്റെ വാക്കുകളെ സിനിമാപ്രേമികൾ നോക്കികാണുന്നത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമാണ് സെൽവരാഘവൻ. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി'യിൽ ഒരു പ്രധാന വേഷത്തിൽ സെല്വരാഘവൻ എത്തിയിരുന്നു, മികച്ച പ്രതികരണമായിരുന്നു സെൽവരാഘവന്റെ പ്രകടനത്തിന് ലഭിച്ചത്. അതേസമയം ധനുഷ് നായകനായി എത്തിയ 'നാനെ വരുവേൻ' എന്ന ചിത്രമായിരുന്നു സെൽവരാഘവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. 2022 ലായിരുന്നു ചിത്രത്തിന്റെ റിലീസ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍