
താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നലെയാണ് കൊച്ചിയില്‍ നടന്നത്. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് യോഗം അവസാനിച്ചത്. മോഹൻലാൽ പ്രസിഡന്‍റ് ആയി തന്നെ തുടരണമെന്ന് എല്ലാ താരങ്ങളും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജനറൽ ബോഡി യോഗത്തിൽ കുറെയധികം താരങ്ങൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും അതിന് ശേഷമേ താൻ പ്രസിഡന്‍റായി തുടരുകയുള്ളൂവെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജനറല്‍ബോഡി വേദിയില്‍ നിന്നുള്ള മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. സംഘടനയിലെ മോഹന്‍ലാലിന്‍റെ നേതൃപാടവത്തെ സൂചിപ്പിച്ചുള്ളതാണ് കുറിപ്പ്.
അത് ഇങ്ങനെ.. “തണലേകാൻ ഒരു വന്മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി കഴിയുമ്പോഴാണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്”, സീമ ജി നായര്‍ കുറിച്ചു.
മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന അംഗങ്ങൾ അതേ ചുമതല തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ വഹിക്കും. താരസംഘടനയുടെ ഇത്തവണത്തെ ജനറൽ ബോഡിയിലെ പ്രത്യേകത 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു എന്നതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിനെത്തി. ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ സ്വീകരിക്കേണ്ട നടപടികളടക്കം ഇന്നത്തെ ജനറൽ ബോഡി യോഗം ചർച്ച ചെയ്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ