'ഉഭയകക്ഷി ബന്ധത്തിൽ ഏർപ്പെട്ട്, വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുന്നത് ശരിയോ?': സീമ ജി നായര്‍

Published : Aug 29, 2025, 09:11 AM IST
Seema g nair

Synopsis

വ്യാജ പോക്സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം എന്ന വാർത്ത നമ്മൾ കേട്ടതാണെന്നും സീമ ജി നായര്‍. 

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കുറിച്ചു കൊണ്ടാണ് സീമയുടെ വാക്കുകൾ. രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കാണുമ്പോൾ ഓര്‍ക്കുന്നത് ഉമ്മൻ ചാണ്ടിയെ ആണെന്നും കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതിയെന്നും സീമ പറയുന്നു. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോന്നും നീതി രണ്ട് ഭാ​ഗത്തും ലഭിക്കേണ്ടതല്ലേന്നും സീമ ചോദിക്കുന്നു.

ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോന്നും ഒരു വ്യാജ പോക്സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം എന്ന വാർത്ത നമ്മൾ കേട്ടതാണെന്നും കമന്റിൽ സീമ കുറിക്കുന്നു.

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകൾക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്... നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാൽ കുരുക്കാത്ത, ഒരു "നുണബോംബ്" ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല. പിതൃതുല്യൻ എന്ന് പറഞ്ഞവർക്ക് അത് മാറ്റി പറയാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളർന്നു പോയ്കാണും... ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയൽ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയിൽ നിന്നും ആഭാസനായ മുഖ്യമന്ത്രിയായിഅദ്ദേഹത്തെ മാറ്റി .. എല്ലാരും ചേർന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നിൽ മണിക്കൂറുകൾ നീണ്ട ചോദ്യങ്ങൾക്ക് നടുവിൽ തളർന്നിരുന്നിട്ടുണ്ടാവും. അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോൾ ആയിരിക്കും. ഉമ്മൻ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾ അതിന്റെ പിന്നിൽ ഉണ്ടാവാം. ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും ഞാൻ ടീവിയുടെ മുന്നിൽ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.

ചില പാർട്ടിയിൽ ഞാൻ കണ്ടിട്ടുള്ളത് അവരവരുടെ പാർട്ടിക്കാർ, നേതാക്കന്മാർ, എം എൽ എ മാർ, മന്ത്രിമാർ, എന്തിന് വേറെ, സാധാരണ പാർട്ടി പ്രവർത്തകർ പോലും എന്ത് വലിയ തെറ്റ് ചെയ്താലും "അതിന് ന്യായീകരണങ്ങൾ ഏറെയാണ്". സദാചാര മൂല്യങ്ങളെ കാറ്റിൽ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവർക്ക് ശക്തമായ കവചം തീർക്കാൻ അവർക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ, കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതി. ഇവിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മർദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുൻ അനുഭവങ്ങൾ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം. വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോൺ പരിശോധിച്ചാൽ, ഇതിലും വലുത് കിട്ടാൻ സാധ്യതയുണ്ട്. ഈ കേരളത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങൾ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. കേസില്ലേൽ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും... എതിർ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാൻ കാത്ത് നിൽക്കുന്നവരുടെ ഇടയിൽ നിങ്ങൾ പിടിച്ച് നിൽക്കുക .

41 വർഷത്തെ അഭിനയ ജീവിതത്തിൽ മുഖം മൂടിയണിഞ്ഞ നിരവധി ആൾക്കാരെ ഞാൻ കണ്ടു, അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കൽ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുൻ അനുഭവങ്ങൾ അതാണ് . എരിതീയിൽ എണ്ണയൊഴിച്ച് തരാൻ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാൽ പിന്നെ അവർക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകൾ ആണ് ഇവിടെ നടക്കുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കിൽ മാത്രമാണ്..

രാഹുൽ ഈശ്വറിനെ പോലുള്ള ചിലർ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എതിർ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങൾ എതിർ സ്വരത്തിലാണെങ്കിലും , ചിന്തകൾ എതിർ ദിശയിലാണെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ രാഹുൽ ഈശ്വറിനെ പോലെ ചിലർ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുൽ... നല്ലതിനായി കാത്തിരിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'
'പുലര്‍ച്ചെ 3.30, നിര്‍ത്താതെ കോളിംഗ് ബെല്‍, പുറത്ത് രണ്ട് പേര്‍'; ഭയപ്പെടുത്തിയ അനുഭവം പങ്കുവച്ച് ഉര്‍ഫി ജാവേദ്