
താനൊക്കെ സ്‍കൂളിൽ അടി കിട്ടി വളർന്ന കുട്ടിയാണെന്നും ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് അടി കിട്ടാത്ത വളരുന്നതിന്റെ പ്രശ്നങ്ങളുണ്ടെന്നും സിനിമാ-ടെലിവിഷൻ താരം വരദ. പാലക്കാട് ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകനോട് വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. പഠിച്ച സ്കൂളിലെ വാർഷികാഘോഷങ്ങളിൽ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു വരദ.
''ആ വീഡിയോ ഭയങ്കര ഡിസ്റ്റേർബിങ്ങ് ആയിരുന്നു. ഈ ജനറേഷനിൽ പെടുന്നയാളാണ് എന്റെ മോനും. ഞങ്ങളൊക്കെ സ്കൂളിൽ നല്ല അടി കിട്ടി വളർന്നവരാ. അങ്ങനെ അടി കിട്ടാത്തതിന്റെ പ്രശ്നങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്കുണ്ടെന്നു തോന്നുന്നു. പക്ഷേ അമിതമായി തല്ലുന്ന അധ്യാപകരും ഉണ്ട്. എങ്കിലും സ്കൂളിൽ നിന്നും കുറച്ചൊക്കെ അടി കിട്ടിയും ചീത്ത കേട്ടുമൊക്കെ വളർന്നാലേ ശരിയാകൂ'', വരദ ചൂണ്ടിക്കാട്ടി.
പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥി സ്‍കൂളില്‍ വൈകിയാണ് വന്നത്. കുട്ടിയുടെ കയ്യില്‍ ഫോണും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതതിനാണ് അധ്യാപകനെതിരെ കുട്ടി ഭീഷണി മുഴക്കിയത്. വീഡിയോയ്ക്കു താഴെ വിദ്യാര്‍ഥിക്കും മാതാപിതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയർന്നത്. കുട്ടി അടികൊണ്ടു വളരാത്തതിന്റെ കുഴപ്പമാണ് ഇതെന്നാണ്, വരദയെപ്പോലെ വീഡിയോയ്ക്കു താഴെ പലരും പ്രതികരിച്ചത്. സ്കൂളിനകത്തെ ദൃശ്യങ്ങള്‍ അധ്യാപകര്‍ തന്നെ പുറത്തുവിട്ടതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.
2006 ൽ പുറത്തിറങ്ങിയ വാസ്‍തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. സീരിയലുകളിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയായത്. എമിമോൾ എന്നാണ് വരദയുടെ യഥാർത്ഥപേര്. തൃശൂർ ആണ് സ്വദേശം. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് നിർദേശിച്ചത്.
Read More: മമ്മൂട്ടിയുടെ ഡൊമിനിക്കിന് കാലിടറുന്നു, ചിത്രത്തിന്റെ കളക്ഷൻ താഴോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക