അതേ തിരക്കഥയില്‍ തന്നെ മുന്നോട്ടു പോകുമെന്ന് സുരേഷ് ഗോപി; വന്‍ പ്രഖ്യാപനം വൈകിട്ട്

By Web TeamFirst Published Oct 26, 2020, 12:47 PM IST
Highlights

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നൂറിലേറെ താരങ്ങള്‍ ചേര്‍ന്നാവും ടൈറ്റില്‍ പുറത്തിറക്കുകയെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയ ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.

പകര്‍പ്പവകാശം സംബന്ധിച്ച കേസിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 'കടുവ'യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ 250-ാം ചിത്രം സംബന്ധിച്ച് വലിയൊരു പ്രഖ്യാപനം ഇന്ന് നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

ഇന്ന് വൈകിട്ട് ആറിന് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിടുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നൂറിലേറെ താരങ്ങള്‍ ചേര്‍ന്നാവും ടൈറ്റില്‍ പുറത്തിറക്കുകയെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയ ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. ഇതോടെ ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.

സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിവാദം ആരംഭിച്ചത്. താന്‍ രചന നിര്‍വ്വഹിച്ച 'കടുവ'യുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ ചിത്രം വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഷാജി കൈലാസും പൃഥ്വിരാജും അറിയിച്ചിരിക്കുന്നത്. 

click me!