
ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താല്‍ ചിത്രീകരണം നടക്കാനിരുന്ന രണ്ട് സിനിമകളുടെ അണിയറക്കാര്‍ക്കിടയില്‍ അടുത്തിടെ നിയമ വ്യവഹാരം നടന്നത് വാര്‍ത്തയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 'കടുവ' തന്‍റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്‍റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയ 'കടുവ' ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വിരാജും സുരേഷ് ഗോപിയും അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറക്കാര്‍.
'പുലിമുരുകന്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന്‍ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമായ ഇന്ന് അതുസംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടോമിച്ചന്‍ പറയുന്നത്. "അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്‍റെ നാല് വർഷങ്ങൾ.. ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്‍റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കൊവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്", ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു. പുതിയൊരു പോസ്റ്ററിനൊപ്പമാണ് ടോമിച്ചന്‍റെ പോസ്റ്റ്.
ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. "പ്രതികാരം എന്‍റേതാണ്, ഞാന്‍ പക വീട്ടും" എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുന്നതാണെന്ന അറിയിപ്പുണ്ട്. (പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു', എന്നാണ് ബൈബിള്‍ വചനം (റോമര്‍, വചനം 12:19).
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ