നടി ഷബാന ആസ്മിയുടെ അമ്മ അന്തരിച്ചു

By Web TeamFirst Published Nov 23, 2019, 9:54 AM IST
Highlights

'ബസാർ', 'ഉംറാവോ ജാൻ', ഓസ്കർ നാമനിർദേശം ലഭിച്ച 'സലാം ബോംബെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഷൗക്കത്ത് കൈഫി. 

മുംബൈ: പ്രശസ്ത ബോളിവുഡ് നടി ഷബാന ആസ്മിയുടെ അമ്മയും പഴയകാല നടിയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഷൗക്കത്ത് വെള്ളിയാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് നടക്കും.

ഉർദ്ദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയാണ് ഷൗക്കത്തിന്റെ ഭർത്താവ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കൾച്ചറൽ പ്ലാറ്റ്ഫോമുകളായ ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയൻ എന്നിവ ഒരുകാലത്ത് നയിച്ചിരുന്നത് ഷൗക്കത്തും ഭർത്താവ് കൈഫിയുമായിരുന്നു.

'ബസാർ', 'ഉംറാവോ ജാൻ', ഓസ്കർ നാമനിർദേശം ലഭിച്ച 'സലാം ബോംബെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഷൗക്കത്ത് കൈഫി. ശാദി അലിയുടെ 'സത്യ'യാണ് ഷൗക്കത്ത് അഭിനയിച്ച അവസാന ചിത്രം. 2002-ലായിരുന്നു ഭർത്താവ് കൈഫി ആസ്മിയുടെ മരണപ്പെട്ടത്. ഇതിന് ശേഷം  ഷൗക്കത്ത് എഴുതിയ ആത്മകഥയാണ് 'കൈഫി ആൻഡ് ഐ'.

ഷൗക്കത്തിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയ ഒരുക്കിയ നാടകമായിരുന്നു 'കൈഫി ഔർ മേം'. 2006-ൽ കൈഫിയുടെ നാലാം ചരമവാർഷികത്തിൽ മുംബൈയിൽ നാടകം അവതരിപ്പിച്ചിരുന്നു. ഷബാന ആസ്മിയും ഷൗക്കത്തിന്റെ മരുമകനും എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറുമാണ് നാടകത്തിൽ കൈഫിയെയും ഷൗക്കത്തിനെയും അവതരിപ്പിച്ചിരുന്നത്. ബാബ ആസ്മിയാണ് മകൻ.  
  

click me!