'ലൂസിഫര്‍ എനിക്ക് പ്രേരണയായി'; പൃഥ്വിരാജിന് പിറന്നാളാശംസയുമായി ഷാജി കൈലാസ്

By Web TeamFirst Published Oct 16, 2021, 1:14 PM IST
Highlights

"നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്‍റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്‍റെ യാത്രയായി കാണാനാണ് എനിക്കിഷ്ടം"

സാങ്കേതികതയെക്കുറിച്ചുള്ള അവഗാഹമാണ് പൃഥ്വിരാജില്‍ (Prithviraj Sukumaran) താന്‍ കാണുന്ന പ്രത്യേകതയെന്ന് സംവിധായകന്‍ ഷാജി കൈലാസ് (Shaji Kailas). പൃഥ്വിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന 'ലൂസിഫര്‍' തനിക്ക് പ്രേരണയായെന്നും പറയുന്നു ഷാജി കൈലാസ്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പൃഥ്വിരാജിനെക്കുറിച്ച് ഷാജി കൈലാസ്

രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത സാങ്കേതികതയെക്കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെൻസിന്‍റെയും പ്രത്യേകത. ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ. എല്ലാം രാജു മനപ്പാഠമാക്കുന്നു. കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടുതുടങ്ങുന്ന രാജുവിന്‍റെ ശ്രദ്ധ ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്‍റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്‍റെ യാത്രയായി കാണാനാണ് എനിക്കിഷ്ടം. ലൂസിഫറിന്‍റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്‍റെ ചെറുപ്പത്തിന്‍റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ. രാജുവിന് ദീർഘായുസ്സ്. ഒരുപാട് കാലം രാജുവിന്‍റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്‍റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. ഹാപ്പി ബർത്ത് ഡേ രാജൂ. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...

എട്ട് വര്‍ഷത്തിനു ശേഷം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം എന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു 'കടുവ'. ജിനു എബ്രഹാം രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനാവുന്ന 'എലോണ്‍' ആണ് ഷാജി കൈലാസ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സിനിമ.

click me!