തമിഴ് നടൻ ആര്യയുടെ നാല്പതാമത് ചിത്രമായ ഹലോ കാതൽ പ്രഖ്യാപിച്ചു. നിഖില വിമൽ, വൈഷ്ണവി ചൈതന്യ എന്നിവരാണ് നായികമാർ. മലയാളി സംവിധായകൻ നിഖിൽ മുരളി ഒരുക്കുന്ന ഈ റൊമാന്റിക് എന്റർടൈനർ ഡിസംബർ നാലിന് തിയേറ്ററുകളിൽ എത്തും.
തമിഴ് താരം ആര്യയുടെ നാല്പതാമത് ചിത്രം പ്രഖ്യാപിച്ചു. 'ഹലോ കാതൽ' എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളുടെ പ്രിയതാരം നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് നായികമാർ. പ്രണയത്തിനും ഹാസ്യത്തിനും യാത്രകൾക്കും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ റൊമാന്റിക് എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് അനൗൺസ്മെന്റ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്.
'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ നിഖിൽ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. ആര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 'ദി ഷോ പീപ്പിൾ' ആണ് നിർമ്മാണം. 'ഹലോ കാതൽ' ഈ വർഷം ഡിസംബർ 4-ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ആര്യയുടെ കരിയറിലെ വൻ വിജയങ്ങളായ 'മദ്രാസപട്ടണം', 'രാജാ റാണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജി.വി. പ്രകാശ് കുമാർ വീണ്ടും ആര്യ ചിത്രത്തിനായി സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഛായാഗ്രാഹകൻ ജീവാ ശങ്കർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ബിനു നെപ്പോളിയൻ ആണ്. പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
'മിസ്റ്റർ എക്സ്', 'അനന്തൻ കാട്' എന്നീ ചിത്രങ്ങളാണ് ആര്യയുടേതായി ഈ വർഷം തിയറ്ററിൽ എത്തിയ സിനിമകൾ. ഇതിൽ 'അനന്തൻ കാട്' അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു തമിഴ്-മലയാളം ദ്വിഭാഷാ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി മാറിയിരുന്നു. സുധി മാഡിസൺ സംവിധാനം ചെയ്ത 'ധൂമകേതു' എന്ന ചിത്രമാണ് നിഖില വിമലിന്റേതായി അടുത്തിടെ റിലീസ് ചെയ്തത്. ടൈം ട്രാവൽ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള്‍ ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.



