
കൊച്ചി: ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് സംഘം പെരുന്നാളിന് മുൻപും ശേഷവുമായി ബന്ധപ്പെട്ടെന്ന് ഷംന കാസിം. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സ്വർണ്ണക്കടത്തിനെന്ന പേരിൽ പെരുന്നാളിന് മുൻപ് വിളിച്ച സംഘം തന്നെയാണ് വിവാഹാലോചനയുമായി വന്നതെന്ന് പൊലീസ് അന്വേഷണത്തിലാണ് വ്യക്തമായത്. സ്വർണ്ണക്കടത്തിനായി വിളിച്ചപ്പോൾ അന്ന് തന്നെ ഇത് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും നമ്പർ ബ്ലോക്ക് ചെയ്തുവെന്നും നടി പറഞ്ഞു.
സംഭവത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ള ആർക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ല. എന്നാൽ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് കിട്ടിയത് സിനിമാ മേഖലയിൽ നിന്നാണ്. സിനിമയിൽ ആർക്കും എന്നോട് ശത്രുതയുണ്ടാകേണ്ട കാര്യമില്ല.
കേസിൽ വീട്ടിൽ വന്ന അഞ്ച് പേരും അറസ്റ്റിലാണ്. ആസൂത്രണം ചെയ്ത കുറേപ്പേരുണ്ട്. എല്ലാവരെയും പൊലീസിന് മനസിലായി. ഒരാൾക്ക് കൊവിഡാണെന്ന് കേട്ടു. എല്ലാവരും എന്നോട് സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അൻവറെന്ന പേരിൽ കല്യാണച്ചെക്കൻ, പിതാവ്, മാതാവ്, സഹോദരി, സഹോദരൻ, ചെറിയൊരു കുട്ടി എന്നൊക്കെ പരിചയപ്പെടുത്തിയവരാണ് വിളിച്ചത്. തട്ടിപ്പ് ആസൂത്രണം ചെയ്തവരാണ് ഇപ്പോൾ പിടിയിലാകാനുള്ളത്.
സംഘം തന്നെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് മൊഴിയെടുത്തപ്പോൾ പൊലീസ് പറഞ്ഞിരുന്നു. ഈ സംഘം തട്ടിപ്പാണെന്നും വീട് ആക്രമിക്കുകയോ മറ്റെന്തോ ആണ് ലക്ഷ്യമെന്നും പേടി തോന്നിയപ്പോഴാണ് കേസ് കൊടുത്തത്. തട്ടിപ്പാണെന്ന് ഞങ്ങൾക്ക് മനസിലായെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അവർ ഭീഷണിപ്പെടുത്തിയത്.
വീട്ടിൽ വന്ന ആൾക്കാരും കല്യാണാലോചനയുമായി വിളിച്ച ആൾക്കാരും വേറെയാണ്. സ്വർണ്ണക്കടത്തിന് വേണ്ടി വിളിച്ച സമയത്ത് അവരെ നിരുത്സാഹപ്പെടുത്തി. നമ്പർ ബ്ലോക്ക് ചെയ്തു. അത്യാവശ്യക്കാർ മെസേജ് അയച്ചാലോ, ഒരുപാട് തവണ മിസ്ഡ് കോൾ കണ്ടാലോ മാത്രമേ തിരിച്ച് വിളിക്കാറുള്ളൂ. സ്വർണ്ണക്കടത്ത് കോൾ വന്ന് ഒരു മാസത്തിന് ശേഷമാണ് വിവാഹാലോചനയായി കോൾ വന്നത്. പെരുന്നാളിന് മുൻപും ശേഷവുമാണ് ഈ കോളുകൾ വന്നത്. ഫോണിൽ സംസാരിച്ച് വിശ്വസിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച തട്ടിപ്പ് സംഘമാണ്. പൊലീസ് അന്വേഷണത്തിലൂടെയാണ് രണ്ടും ഒരേ സംഘമാണെന്ന് മനസിലായത്.
കുടുംബക്കാരെ മുഴുവൻ ഉൾപ്പെടുത്തിയുള്ള വിവാഹാലോചനയായിരുന്നു വന്നത്. സൗദിയിലെ സഹോദരനും അച്ഛനും എല്ലാവരും ഈ ആലോചനയുടെ ഭാഗമായി. കല്യാണത്തിന്റെ സംസാരത്തിലേക്ക് കുടുംബങ്ങൾ പോയ ഘട്ടത്തിലാണ് അൻവറുമായി സംസാരിക്കാൻ തുടങ്ങിയത്. വീഡിയോ കോൾ വിളിച്ചപ്പോൾ അൻവർ സ്ക്രീൻ മറച്ചാണ് സംസാരിച്ചത്. ഉമ്മയ്ക്കൊപ്പമേ എന്നെ കാണുള്ളൂ എന്ന് പറഞ്ഞത് കൊണ്ടാണ് സ്ക്രീൻ മറച്ചതെന്ന് പിന്നീട് വിശദീകരിച്ചു.
മെയ് 25 ാം തീയതി മുതൽ അൻവറിനോട് സംസാരിച്ച് തുടങ്ങി. മെയ് 30ാം തീയതി പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞു. അന്നൊരു മരണം സംഭവിച്ചെന്ന് പറഞ്ഞ് മാറ്റി. തൊട്ടടുത്ത ബുധനാഴ്ച വരുമെന്ന് പറഞ്ഞു. അതിനിടെയാണ് ബിസിനസ് ആവശ്യത്തിന് ഒരു ലക്ഷം രൂപ ചോദിച്ചത്. അക്കാര്യം ഞാൻ ഉമ്മയോട് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അച്ഛൻ, അമ്മ, സഹോദരൻ, ഭാര്യ, സഹോദരി അവരുടെ ഭർത്താവ് ഒരു കുട്ടിയും അവനും ആണ് വരുന്നതെന്ന് പറഞ്ഞു. എന്നാൽ സ്ത്രീകളടക്കം കുറച്ച് ബന്ധുക്കൾ അതിന് മുൻപ് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു. അവരെത്തിയപ്പോൾ സംശയം തോന്നി. അവർ വീടിന്റെ ചുറ്റും നടന്ന് ഫോട്ടോയെടുത്തു, വണ്ടികളുടെ ഫോട്ടെയെടുത്തു. അവർ മടങ്ങിയതോടെ കുടുംബം ആലോചിച്ച് കേസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊലീസിന് നൽകിയ പരാതിയിൽ മുഴുവൻ കാര്യങ്ങളും പറഞ്ഞു. നീതിയിൽ വിശ്വസിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ല. എന്നെക്കുറിച്ച് പഠിച്ച് തന്നെയാവും സംഘം തട്ടിപ്പിന് ഇറങ്ങിയതെന്ന് കരുതുന്നു. തട്ടിപ്പിൽ ചെറിയ കുട്ടികളെയടക്കം ഉൾപ്പെടുത്തി. അതൊരു വലിയ തെറ്റാണ്. തട്ടിപ്പ് സംഘം ജാമ്യത്തിലിറങ്ങി ദ്രോഹിക്കുമോയെന്ന് കുടുംബാംഗങ്ങൾക്ക് ഭീതിയുണ്ട്. തനിക്കാ പേടിയില്ലെന്നും ഷംന പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ