
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ- എഹ്സാൻ- ലോയ് എന്നീ ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നിവരാണ് ഒരു ടീം ആയി ശങ്കർ- എഹ്സാൻ- ലോയ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടക്കുകയുണ്ടായി. വിനായക് ശശികുമാറിൻ്റേ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്യപ്പെട്ടത്.
ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചു വന്ന അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. റീൽ വേൾഡ് എൻ്റെർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നു.
സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസേർസ് എസ് ജോർജ്, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽആരംഭിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.