
മിന്നല്‍ മുരളി എന്ന സിനിമയ്ക്കുവേണ്ടി നിര്‍മ്മിച്ച സെറ്റ് തകര്‍ത്ത അക്രമികളെ പരിഹസിച്ച് നടന്‍ ഷറഫുദ്ദീന്‍. 'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ' എന്ന് തുടങ്ങുന്ന ഷറഫുദ്ദീന്‍റെ കുറിപ്പില്‍ ഈ 'അധ്വാനം' പാറമടയിലോ മറ്റോ ചെയ്തിരുന്നുവെങ്കില്‍ കൂലി കിട്ടുമായിരുന്നില്ലേ എന്നും ചോദിക്കുന്നു.
ഷറഫുദ്ദീന്‍റെ പ്രതികരണം
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ.. ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ. അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ? നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ്!
ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ്. അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്‍റെ കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല. പിന്നെ നിങ്ങൾ എന്തിനാണ് കഷ്‍ടപ്പെട്ടത്? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു! വേറെയും വിളിക്കുന്നുണ്ട്. അത് ഞാൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.
മിന്നല്‍ മുരളി സിനിമയ്ക്കുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റാണ് ഇന്നലെ വൈകുന്നേരം തകര്‍ക്കപ്പെട്ടത്. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയ പോളിനു വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്‍പിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയ കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാരി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളികളആയ നാലു പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ എല്ലാവരും തീവ്ര ഹിന്ദുത്വ സംഘടനകളായ അഖില ഹിന്ദു പരിഷത്തിന്‍റെയും ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരുമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ