
തിരുവനന്തപുരം: പരമ്പരാഗത കരകൗശല മേഖലയിലെ മികവിനും സർഗാത്മകതയ്ക്കുമുള്ള ദേശീയ അംഗീകാരമായി 2025 ലെ ശിൽപഗുരു ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ കലാകാരന്മാർക്ക് അഭിമാനനേട്ടം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കമ്മീഷണർ ആണ് ഈ പുരസ്കാരം നൽകുന്നത്. നാളികേരച്ചകിരി ഉപയോഗിച്ചുള്ള ശിൽപ നിർമാണത്തിൽ തിരുവനന്തപുരം കോവളം സ്വദേശിയായ എ. പ്രതാപ് ശിൽപഗുരു പുരസ്കാരവും (മൂന്ന് ലക്ഷം രൂപയും 20 ഗ്രാം സ്വർണവും) പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ തിരുവനന്തപുരം കോവളം സ്വദേശിയായ ആശ ജി. കൃഷ്ണ ദേശീയ പുരസ്കാരവും (രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി. കേരളത്തിന്റെ പരമ്പരാഗത കരകൗശല പൈതൃകത്തിന് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ നേട്ടം.
പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ ദേശീയ അവാർഡ് നേടിയ ആശ ജി. കൃഷ്ണ കേരളത്തിൽ നിന്ന് ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി. പേപ്പർ ക്വില്ലിങ് വിദ്യ ഉപയോഗിച്ച് നിർമിച്ച കഥകളി രൂപത്തിനാണ് ആശയ്ക്ക് പുരസ്കാരം ലഭിച്ചത്. ഏകദേശം എട്ടര അടി ഉയരവും 6 അടി വീതിയുമുള്ള ഈ കലാസൃഷ്ടി പൂർത്തിയാക്കാൻ രണ്ടര വർഷമെടുത്തുവെന്ന് ആശ പറഞ്ഞു. കടലാസിന്റെ നേർത്ത ചുരുളുകളെ സൂക്ഷ്മതയോടെയും ക്ഷമയോടെയും ക്രമീകരിച്ച് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ആവിഷ്കരിച്ച സൃഷ്ടി ആശയുടെ കലാസമർപ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ്. പേപ്പർ ക്വില്ലിങ് പോലുള്ള കലാരീതികളിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുതിയ ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നേട്ടം.
നാളികേരച്ചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകൽപ്പന ചെയ്ത ഡ്രാഗൺ ശിൽപത്തിനാണ് എ. പ്രതാപിന് ശിൽപഗുരു പുരസ്കാരം ലഭിച്ചത്. പ്രകൃതിദത്തമായ ചകിരിയെ സൂക്ഷ്മമായ കലാവൈദഗ്ധ്യത്തിലൂടെ മനോഹരമായ ശിൽപമാക്കി മാറ്റിയ സൃഷ്ടി പൂർത്തിയാക്കാൻ രണ്ടര മാസമെടുത്തു. നാളികേരച്ചകിരി പോലുള്ള പ്രകൃതിദത്ത വസ്തുക്കളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പരമ്പരാഗത കരകൗശലവിദ്യയെ കലാപരമായ മികവിലേക്ക് ഉയർത്തുന്നതാണ് പ്രതാപിന്റെ സൃഷ്ടി. 1994-ലും 2012-ലും ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രതാപിന് ഇത് പുരസ്കാരങ്ങളുടെ തുടര്ച്ചയാണ്. രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നുവെന്നത് ഏറെ അഭിമാനത്തോടെ കാത്തിരിക്കുന്ന മുഹൂര്ത്തമാണെന്ന് പ്രതാപ് പറഞ്ഞു.
കേരളത്തിന്റെ തനത് കരകൗശല പാരമ്പര്യത്തെ സംരക്ഷിക്കുകയും സമകാലിക കലാസങ്കൽപ്പങ്ങളുമായി കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടങ്ങൾ കൂടുതൽ കരുത്തേകും. കലാകാരന്മാരുടെ കഴിവുകൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭ്യമാക്കുന്നത് പരമ്പരാഗത കരകൗശലവിദ്യകളുടെ സാധ്യതകളും മൂല്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് പ്രചോദനമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര് ടി.യു ശ്രീപ്രസാദ് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ