
അടുത്തിടെയായി തെന്നിന്ത്യൻ സിനിമകളെ കുറിച്ചുള്ള ചർച്ചകളാണ് സിനിമാ ലോകത്ത് നടക്കുന്നത്. ആർആർആർ(RRR), കെജിഎഫ് 2(KGF 2) എന്നീ സിനിമകളുടെ വമ്പൻ വിജയമാണ് ഇതിന് കാരണം. തുടർച്ചയായി ബോളിവുഡ് ചിത്രങ്ങൾ പരാജയപ്പെടുന്നതും ബോളിവുഡ് പ്രേക്ഷകരിൽ അടക്കം തെന്നിന്ത്യൻ സിനിമകൾക്ക് വലിയ സ്വാധീനമാണ് ലഭിക്കുന്നത്. അടുത്തിടെ ഇറങ്ങിയ അക്ഷയ് കുമാർ ചിത്രത്തിനും ബോളിവുഡിനെ ഉയർത്തിപ്പിടിക്കാനായില്ല. ശിൽപ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും കേന്ദ്രകഥാപാത്രങ്ങളായ നികമ്മ എന്ന ചിത്രത്തിനും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സാബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിന് ഇതുവരെ ഒരു കോടി രൂപയില്‍ താഴെ മാത്രമാണ് നേടാനായത്.
ജൂൺ 17ന് ആയിരുന്നു റിലീസ്. ശനിയാഴ്ച 47 ലക്ഷമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഞായറാഴ്ച അമ്പത് ലക്ഷവും. 15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ. ചിത്രത്തിന്‍റെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കിയിട്ടുണ്ടെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
KGF 2 : 'കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നേൽ നിരൂപകര്‍ കീറിമുറിച്ചേനെ'; കരണ്‍ ജോഹര്‍
സമീപകാലത്ത് ഏറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ ബോളിവുഡിനെ ഒരുപരിധിവരെ ഉയർത്തിയത് 'ഭൂല്‍ ഭുലയ്യ 2' റിലീസ് ആയതോടെയാണ്. തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ച വയ്ക്കുന്നത്. കങ്കണയുടെ ധാക്കഡ്, അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' എന്നീ സിനിമകള്‍ക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. തെന്നിന്ത്യന്‍ സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്നാണ് കരണ്‍ ജോഹർ കഴിഞ്ഞ ദിവസം പറഞ്ഞത്.
"കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടും 1,100 കോടിയിലധികം കളക്ഷന്‍ നേടി. ഹിന്ദി സിനിമകള്‍ കുറവാണ്. ഹിന്ദി സിനിമകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരേസമയം വളരെയധികം കാര്യങ്ങള്‍ ചെയ്യാനാണ്. കെജിഎഫ് പോലൊരു സിനിമ ബോളിവുഡ് നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അത് നിരൂപകര്‍ കീറിമുറിക്കുമായിരുന്നു. ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്', എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.