'ഒരുപാട് പേരുടെ കഠിനാധ്വാനമാണ്, സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാവരുത്'; 'ഹംഗാമ 2' റിലീസില്‍ ശില്‍പ ഷെട്ടി

By Web TeamFirst Published Jul 23, 2021, 9:51 PM IST
Highlights

പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

13 വര്‍ഷത്തിനു ശേഷമാണ് ശില്‍പ ഷെട്ടി മുഴുനീള വേഷത്തില്‍ അഭിനയിക്കുന്ന ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍റെ ഹംഗാമ 2 ആണ് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് ഇതിനകം എത്തിയിരിക്കുകയാണ്. എന്നാല്‍ കടന്നുപോകുന്ന ദിനങ്ങള്‍ ശില്‍പ ഷെട്ടിയെ സംബന്ധിച്ച് വ്യക്തിപരമായി കഠിനമാണ്. അശ്ലീലചിത്ര നിര്‍മ്മാണത്തിന് ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത് ഈ മാസം 19നായിരുന്നു. ഈ കേസ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന ഹംഗാമ 2ന് അതിന്‍റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ശില്‍പ ഷെട്ടി.

"യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി", ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പോയ വര്‍ഷങ്ങളില്‍ ചില ചിത്രങ്ങളിലെ നൃത്തരംഗങ്ങളില്‍ മാത്രമായി ശില്‍പ ഷെട്ടി പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഒരു മുഴുനീള വേഷത്തില്‍ ഇതിനുമുന്‍പ് അഭിനയിച്ചത് 2007ലാണ്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്‍ത സ്പോര്‍ട്സ് ഡ്രാമ ചിത്രം 'അപ്‍നെ'യിലായിരുന്നു അത്. അതേസമയം പ്രിയദര്‍ശനും എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. പ്രിയദര്‍ശന്‍റെ തന്നെ 'മിന്നാര'മാണ് ചിത്രത്തിന് പ്രചോദനം.

click me!