'മൂന്നാം കിട' എന്ന വിശേഷണത്തിലൂടെ സംവിധായകൻ വ്യക്തമാക്കിയത് സ്വന്തം നിലവാരം; ബിനീഷിനെ പിന്തുണച്ച് ഷിനു ശ്യാമളന്‍

By Web TeamFirst Published Nov 1, 2019, 5:16 PM IST
Highlights

ഒരു സംവിധായകന്‍ വിചാരിച്ചാല്‍ ഈ നടനെ താഴ്ത്തിക്കെട്ടാനാവില്ല. അമിതാഭ് ബച്ചൻ മുതൽ രജനി കാന്ത് വരെ അവസരവും തേടിയിട്ടുണ്ടെന്നും ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ വിമര്‍ശനവുമായി ഡോക്ടര്‍ ഷിനു ശ്യാമളന്‍. പ്രളയത്തില്‍ തകര്‍ന്ന ബിനീഷിന്‍റെ വീടിന്‍റെ അവസ്ഥ കണ്ട പലരും സഹായവുമായി എത്തിയപ്പോള്‍ അത് സ്നേഹത്തോടെ നിരസിച്ച വ്യക്തിയാണ് ബിനീഷ്.

എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ലെന്നായിരുന്നു ബിനീഷിന്‍റെ മറുപടി. ഒരു സംവിധായകന്‍ വിചാരിച്ചാല്‍ ഈ നടനെ താഴ്ത്തിക്കെട്ടാനാവില്ല. അമിതാഭ് ബച്ചൻ മുതൽ രജനി കാന്ത് വരെ അവസരവും തേടിയിട്ടുണ്ടെന്നും ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു. 'മൂന്നാം കിട' എന്ന വിശേഷണത്തിലൂടെ സംവിധായകൻ സ്വന്തം നിലവാരമാണ് വ്യക്തമാക്കിയത്. അല്ലാതെ ബിനീഷ് ബാസ്റ്റിൻ എന്ന നടനെ അയാൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.

ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം...

"പുതിയ വീട് നിർമിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല. " പ്രളയത്തിന് ബിനീഷിന്റെ വീടിന്റെ അവസ്‌ഥ അറിഞ്ഞ പലരും വീട് പണിത് നൽകാം എന്ന വാഗ്ദാനമായി വന്നപ്പോൾ ബിനീഷ് ബാസ്റ്റിൻ പറഞ്ഞ വാക്കുകളാണിത്.

അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഈ ചെറുപ്പക്കാരൻ നാളെയുടെ വാഗ്ദാനമാണ്. അദ്ദേഹത്തിന്റെ ചങ്കൂറ്റവും തീരുമാനവും കൊണ്ട് നല്ലൊരു ഭാവി തന്നെ പടുത്തുയർത്തും.

ഒരു "മേനോൻ" എന്ന സംവിധായകൻ വിചാരിച്ചാലും ഈ നടനെ താഴ്ത്തിക്കെട്ടാനാവില്ല. അമിതാഭ് ബച്ചൻ മുതൽ രജനി കാന്ത് വരെ അവസരവും തേടിയിട്ടുണ്ട്, താഴെ തട്ടിൽ നിന്നും വന്ന എത്രയോ നടനും നടിയുമുണ്ട് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്.

"മൂന്നാം കിട" എന്ന വിശേഷണത്തിലൂടെ സംവിധായകൻ സ്വന്തം നിലവാരം വ്യക്തമാക്കി. അല്ലാതെ ബിനീഷ് ബാസ്റ്റിൻ എന്ന നടനെ അയാൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

നാളെ മുതൽ ബിനീഷ് ബാസ്റ്റിൻ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം നമ്മൾ മലയാളികൾ കാണും എന്നു തീരുമാനിച്ചാൽ ഒരു സംവിധായകനും അദ്ദേഹത്തെ ഒന്നും ചെയ്യാനില്ല. എന്തായാലും അടുത്ത സിനിമയിൽ നായകനായി തന്നെ വരണം. ഞങ്ങൾ മലയാളികളുണ്ടാകും കാണാൻ.

(പാലക്കാട് മെഡിക്കൽ കോളേജിൽ ബിനീഷിനോടൊപ്പം നിൽക്കാത്ത എല്ലാവരെയും സ്മരിക്കുന്നു😑😣)

ഡോ. ഷിനു ശ്യാമളൻ
 

click me!