സി ജെ റോയിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ. വിടവാങ്ങൽ വേദനാജനകമാണെന്നും സുഹൃത്തിനുപ്പറത്തെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വ്യവസായ മേഖലയേയും കേരളക്കരയേയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളിൽ അടക്കം എന്നും മുന്നിൽ നിന്നിരുന്ന റോയിയെ അനുസ്മരിക്കുകയാണ് നടൻ മോഹൻലാൽ. സൗഹൃദത്തിനും അപ്പുറമായ ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറയുന്നു.
"എൻ്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ഇന്നലെ വൈകുന്നേരമാണ് സിജെ ജോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പിന്‍റെ പരിശോധനകള്‍ നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജപ്പെടുത്തിയിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണ കാരണമെന്ന് കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
അതേസമയം, സിജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ സി ജെ ബാബുവിന്റെ കോറമംഗലയിലെ വീട്ടില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍.



