'പദ്മാവത്' സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ കേസുകള്‍ റദ്ദാക്കും; മധ്യപ്രദേശ് മുഖ്യമന്ത്രി

By Web TeamFirst Published Oct 28, 2020, 9:19 AM IST
Highlights

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. 

ഭോപ്പാൽ: ബോളിവുഡ് സിനിമയായ പദ്മാവതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ശിവ്‌രാജ് സിങ് വ്യക്തമാക്കി. 

പ്രാദേശിക രജപുത്ര സമൂഹത്തിന്റെ പരമ്പരാഗത ശാസ്ത്ര പൂജൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗഹാൻ. അടുത്ത അധ്യായന വർഷം മുതൽ റാണി പദ്മാവതിയെ കുറിച്ചുള്ള പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ചൗഹാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ദീപിക പദുകോണ്‍ നായികയായി എത്തിയ പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമായി മാറിയിരുന്നു. രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു സിനിമയ്ക്കെതിരെ ഒരു വിഭാഗം രം​ഗത്തെത്തിയത്. 

ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. സിനിമ തീയേറ്ററുകളും മാളുകളും ചന്തകളുംവരെ അക്രമ സംഭവങ്ങള്‍ക്ക് വേദിയായി.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവത്'ന് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.

click me!