'ജീവിതത്തിലും ഒരു പോരാളിയാണ് സഞ്ജയ് സര്‍'; കെജിഎഫ് 2 ക്ലൈമാക്സ് സംഘട്ടന രംഗത്തെക്കുറിച്ച് സംവിധായകന്‍

By Web TeamFirst Published Dec 20, 2020, 4:27 PM IST
Highlights

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിച്ച ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂര്‍ത്തിയായത്

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രം 'കെജിഎഫ്' പുറത്തിറങ്ങിയിട്ട് നാളെ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 2018 ഡിസംബര്‍ 21നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം രാവിലെ പ്രേക്ഷകരെ കാത്ത് കെജിഎഫ് 2നെക്കുറിച്ചുള്ള ഒരു സര്‍പ്രൈസ് ഉണ്ടെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്നും ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന അപ്‍ഡേറ്റ് പുറത്തെത്തിയിരുന്നു. കെജിഎഫ് 2ലെ ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി എന്നതായിരുന്നു അത്.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിച്ച ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂര്‍ത്തിയായത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന 'അധീര' എന്ന പ്രതിനായക കഥാപാത്രവും യഷിന്‍റെ നായക കഥാപാത്രവും പങ്കെടുക്കുന്ന രംഗങ്ങളായിരുന്നു ഇവ. ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സഞ്ജയ് ദത്ത് യഥാര്‍ഥ ജീവിതത്തിലും ഒരു പോരാളിയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ക്രൂവിനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. സഞ്ജയ് ദത്ത് അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഏതാനും ദിവസങ്ങളിലെ ചിത്രീകരണം മാത്രമാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സോടെ സഞ്ജയ് ദത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 

click me!