'രണ്ടാമൂഴം' സിനിമയാക്കുന്നത് തടയണം: വി എ ശ്രീകുമാറിനെതിരെ എം ടി സുപ്രീംകോടതിയിൽ

By Web TeamFirst Published Dec 2, 2019, 3:32 PM IST
Highlights

കരാർ കാലാവധി കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംടി കോഴിക്കോട്ടെ കോടതിയെ സമീപിച്ചത്. 

ദില്ലി: സംവിധായകൻ വി എ ശ്രീകുമാറിനെതിരെ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ സുപ്രീംകോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് വി എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ട് എം ടി തടസ്സഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് എതിരെ ശ്രീകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ തന്‍റെ വാദം കേൾക്കാതെ നടപടികൾ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് എംടി യുടെ തടസ്സ ഹർജി. 

കോഴിക്കോട് മുൻസിഫ് കോടതിയിലാണ് ആദ്യം എംടി ഹർജി നൽകിയത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ ഹൈക്കോേടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ വി എ ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് എംടി തടസ്സഹർജി നൽകിയിരിക്കുന്നത്. 

മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് ആദ്യം മുതലേ എംടിയുടെ നിലപാട്. വാഴ്‍ത്തപ്പെടാത്ത നായകനായ ഭീമന്‍റെ കഥ പറയുന്ന രണ്ടാമൂഴത്തിന്‍റെ തിരക്കഥ നാലര കൊല്ലം മുമ്പാണ് സിനിമയാക്കാനായി എംടി വി എ ശ്രീകുമാറിന് നൽകിയത്. മോഹൻലാൽ ഭീമനായി അഭിനയിക്കുമെന്ന് വാർത്തകൾ വന്നു. ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് കാട്ടി വ്യവസായി ബി ആർ ഷെട്ടി രംഗത്തെത്തി.

എംടിയും വി എ ശ്രീകുമാറുമായുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എംടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

ഇതോടെ, വി എ ശ്രീകുമാർ മധ്യസ്ഥതയ്ക്ക് ശ്രമം തുടങ്ങി. എന്നാൽ മധ്യസ്ഥശ്രമം പരാജയപ്പെട്ടതോടെ, ബി ആർ ഷെട്ടി പ്രോജക്ടിൽ നിന്ന് പിൻമാറി. ഇപ്പോൾ ഈ സിനിമ എങ്ങുമെത്താതെ തുടരുകയാണ്. മഹാഭാരതം സിനിമയാക്കുമെന്ന് ആദ്യം പറഞ്ഞ വി എ ശ്രീകുമാർ, പിന്നീട്, മറ്റൊരു വൻ പ്രോജക്ട് തുടങ്ങാനിരിക്കുകയാണെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് അണിയറപ്രവർത്തകരെയും ശ്രീകുമാർ ക്ഷണിച്ചിരുന്നു. 

click me!