'ലിനുവിന്‍റെ വിയോഗം സങ്കടപ്പെടുത്തുന്നു'; ശ്രീകുമാര്‍ മേനോന്‍ പറയുന്നു

By Web TeamFirst Published Aug 12, 2019, 9:14 PM IST
Highlights

ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയി മരണപ്പെട്ട യുവാവിന്‌ ആദരവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനുവാണ്‌ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്‌. ഏറെ സങ്കടപ്പെടുത്തുന്നതാണ്‌ ലിനുവിന്‍റെ ത്യാഗമെന്നും ലിനുവിന്‌ ഹൃദയത്താല്‍ തന്‍റെ സല്യൂട്ട്‌ എന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ശ്രീകുമാര്‍ മേനോന്‍റെ കുറിപ്പ്‌ 

"ഏറെ സങ്കടപ്പെടുത്തുന്നതാണ് ലിനുവിന്റെ ത്യാഗം. വെള്ളപ്പൊക്കത്തിൽ നിന്നും കോഴിക്കോട് ചെറുവണ്ണൂരിലെ ആശ്വാസ ക്യാംപിൽ അമ്മയ്ക്കും അച്ഛനുമൊപ്പം അഭയം തേടിയ ലിനു പക്ഷെ, സ്വന്തം ജീവൻ രക്ഷപെട്ടല്ലോ എന്നോർത്ത് സമാധാനിക്കുകയല്ല ചെയ്തത്. 34 വയസുള്ള ആ സഹോദരൻ, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാൻ പോയവർക്കൊപ്പം ചേർന്നു. രക്ഷാപ്രവർത്തകനായി. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ട ഭാഗത്തായിരുന്നു ലിനുവും സംഘവും രക്ഷാപ്രവർത്തനം നടത്തിയത്. പലരുടെയും ജീവൻ രക്ഷിച്ച് ആ സംഘം മടങ്ങിയപ്പോൾ ലിനുവിന്റെ ജീവൻ ത്യജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. നിപ്പയുടെ കാലത്ത് ലിനി! പ്രളയത്തിൽ ലിനു! രണ്ട് മഹത്തായ ജീവത്യാഗങ്ങൾ കോഴിക്കോട് നിന്ന് എന്ന യാദൃശ്ചികത കൂടുതൽ സങ്കടപ്പെടുത്തുന്നു. ജീവൻ മറന്ന് രക്ഷാപ്രവർത്തനം നടത്തുന്ന സഹോദരങ്ങളേ... പ്രിയ ലിനു... പ്രാർത്ഥിക്കുന്നു. ലിനുവിന്റെ അമ്മ ലതയും അച്ഛൻ സുബ്രഹ്മണ്യനും നമ്മുടേത് കൂടിയാണ്. നമുക്കു വേണ്ടി ജീവൻ ത്യജിച്ച ആ പോരാളിയുടെ ധീരതയ്ക്ക് ഹൃദയത്താൽ സല്യൂട്ട്- രാജ്യം ലിനുവിന്റെ ധീരതയെ ആദരിക്കണം."

ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. യുവാക്കളുടെ സംഘം രണ്ട് തോണികളിലാണ് പുറപ്പെട്ടത്. തിരികെയെത്തിയപ്പോഴാണ് ലിനു ഒപ്പമില്ലെന്ന് രണ്ട് തോണികളിലുള്ളവരും മനസിലാക്കിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

click me!