
പ്രശസ്ത ഗസൽ - ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ഇന്ന് വൈകുന്നേരം 7.45നായിരുന്നു അന്ത്യം സംഭവിച്ചത് (Bhupinder Singh).
അമൃത്സറില്‍ ജനിച്ച് ഭുപീന്ദര്‍ സിംഗ് ആകാശവാണിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ദില്ലി ദൂരദര്‍ശൻ കേന്ദ്രവുമായും ഭുപിന്ദര്‍ സിംഗ് സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. സംഗീത സംവിധായകൻ മദൻ മോഹൻ വഴിയാണ് ഭുപീന്ദര്‍ സിംഗ് ഹിന്ദി സിനിമാ ലോകത്ത് എത്തുന്നത്. 1962ല്‍ ഒരു പാര്‍ട്ടിയില്‍ ഭുപീന്ദര്‍ സിംഗ് ഗിറ്റാര്‍ വായിക്കുന്നത് കേള്‍ക്കാനിടയായ മദൻ മോഹൻ അദ്ദേഹത്തെ മുംബൈക്ക് വിളിപ്പിച്ചു. 'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'ഹോകെ മജ്‍ബൂര്‍' എന്ന ഗാനം മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം പാടാൻ അവസം നല്‍കി. ഖയ്യാം 'ആഖ്രി ഖത്' എന്ന ചിത്രത്തിലെ 'രുത് ജവാൻ ജവാൻ' എന്ന സോളോ ഗാനം ഭുപീന്ദര്‍ സിംഗിന് നല്‍കി. തുടര്‍ന്നങ്ങോട്ട് പടിപടിയായി ഭുപീന്ദര്‍ സിംഗ് വളരുകയായിരുന്നു. 'നാം ഗും ജായേഗാ', 'ദില്‍ ഡൂണ്‍ദ്താ ഹായ് ഫിര്‍ വഹി', 'ഏക് അകേല ഈസ് ഷേഹര്‍ മേം' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഭുപീന്ദര്‍ സിംഗിന്റേതായിട്ടുണ്ട്. ഭാര്യ മിതാലിക്കൊപ്പം ശ്രദ്ധേയമായ ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ചോളന്മാരെ തെറ്റായി ചിത്രീകരിച്ചു; 'പൊന്നിയിൻ സെൽവന്' നിയമക്കുരുക്ക്
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ'. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.
സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു.
സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രംഗത്തെത്തിയിട്ടില്ല. 2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന 'പൊന്നിയിൻ സെൽവ'ന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
മറ്റൊരു കിടിലന്‍ പാട്ടുമായി ശ്രീനാഥ് ഭാസി, 'ചട്ടമ്പി'യുടെ പ്രൊമോ ഗാനം