
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സീതാ രാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.
'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയ്നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ 'സീതാ രാമം' റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിയപ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'സീതാ രാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം 'സീതാ രാമം' കരസ്ഥമാക്കിയത്.
'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.
നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.
Read More : ആഗോള കളക്ഷന്‍ 30 കോടി, 'സീതാ രാമ'ത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച് ദുല്‍ഖര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ