തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്ന് മാത്രം 75 കോടി; ദുല്‍ഖറിന്‍റെ 'സീതാരാമം' ഇനി ഹിന്ദിയില്‍: ട്രെയ്‍ലര്‍

By Web TeamFirst Published Sep 1, 2022, 2:23 PM IST
Highlights

ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

മികച്ച തിരഞ്ഞെടുപ്പുകളിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊണ്ടിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷം തെലുങ്കില്‍ നിന്നെത്തിയ സീതാരാമം ദുല്‍ഖറിന് മികച്ച നേട്ടമാണ് ഇതിനകം തന്നെ സമ്മാനിച്ചത്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്.

ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഹിന്ദി ട്രെയ്‍ലറും അവതരിപ്പിച്ചിട്ടുണ്ട് അണിയറക്കാര്‍. ബോളിവുഡില്‍ രണ്ട് ചിത്രങ്ങളേ ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയിട്ടുള്ളൂവെങ്കിലും അവിടെ പ്രേക്ഷകശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്‍റെ ബോളിവുഡിലെ മൂന്നാം ചിത്രമായ ഛുപ് സെപ്റ്റംബര്‍ 22ന് തിയറ്ററുകളിലെത്തുന്നുമുണ്ട്.

ALSO READ : 'മൈക്കിളപ്പനും ജോണ്‍ കാറ്റാടി'യും മാത്രമല്ല; ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങള്‍

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. 

click me!