Doctor Movie | തിയറ്ററിലെ 100 കോടി ചിത്രം; ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' ഇനി നെറ്റ്ഫ്ളിക്സില്‍

Published : Nov 04, 2021, 11:17 PM IST
Doctor Movie | തിയറ്ററിലെ 100 കോടി ചിത്രം; ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' ഇനി നെറ്റ്ഫ്ളിക്സില്‍

Synopsis

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള തമിഴ് റിലീസുകളിലെ ബോക്സ് ഓഫീസിലെ ആദ്യ 100 കോടി ചിത്രം

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനായ 'ഡോക്ടര്‍' (Doctor). 'കോലമാവ് കോകില' സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ്‍ ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലെത്തിയ തെലുങ്ക് പതിപ്പും വന്‍ ജനപ്രീതിയാണ് നേടിയത്. തിയറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് സണ്‍ ടിവിയില്‍ ആയിരുന്നു. വൈകിട്ട് 6.30നായിരുന്നു ടെലിവിഷന്‍ പ്രീമിയര്‍. ഇതിനു പിന്നാലെ ഒടിടി പ്രീമിയറിനും ഒരുങ്ങിയിരിക്കുകയാണ് ചിത്രം.

സണ്‍ നെറ്റ്‍വര്‍ക്കിന്‍റെ ഒടിടി പ്ലാറ്റ്‍ഫോം ആയ സണ്‍ നെക്സ്റ്റിലും (SunNXT) ഒപ്പം നെറ്റ്‍ഫ്ളിക്സിലും (Netflix) ചിത്രം ഒരേസമയം റിലീസ് ചെയ്യപ്പെടുകയാണ്. ഇന്നു രാത്രി 12ന് ഇരു പ്ലാറ്റ്‍ഫോമുകളിലും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട ചിത്രമായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. 

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ് ആണ്. കഴിഞ്ഞ മാസം അവസാനത്തോടെ തിയറ്ററുകള്‍ തുറന്ന കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് നേടിയത്. ടെലിവിഷന്‍, ഒടിടി പ്രീമിയറുകള്‍ നടക്കുമ്പോഴും ദീപാവലി റിലീസുകള്‍ക്കൊപ്പം ഡോക്ടര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ തുടരുന്നു എന്നതും കൗതുകം. ഡോക്ടര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് വിജയ്‍യുടെ പുതിയ ചിത്രം ബീസ്റ്റിന്‍റെയും സംവിധായകന്‍. 

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി