
കൊല്ലം: നടൻ ജോജു ജോർജും (Joju George) കോൺഗ്രസും (congress) തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന 'അമ്മ'യ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ (ganesh kumar mla). ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് കുമാർ, അമ്മയുടെ സമീപനം മാറ്റണമെന്നും പറഞ്ഞു. അമ്മയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കോൺഗ്രസിനെയും ഗണേഷ് കുമാര്‍ വിമർശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് വിമര്‍ശനം.
അതേസമയം, ജോജു ജോര്‍ജിന്‍റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങുകയാണ് കോൺഗ്രസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്‍റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
Also Read: ജോജു വിവാദം ഒത്തുതീര്‍പ്പിലേക്ക്, പ്രശ്‍നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന ഡിസിസി പ്രസിഡന്‍റ്
ഇന്ധന വില വർധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വൈറ്റിലയിലെ സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചത്. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘർഷങ്ങളും നടന്നയിടത്താണ് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ലഡു വിതരണം ചെയ്തു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.
Also Read: ഇന്ധന വില: വൈറ്റില സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി യൂത്ത് കോൺഗ്രസ്
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്.
മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വരികയായിരുന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിച്ചു.
Joju George| ജോജുവിനെതിരെ കേസില്ല, വണ്ടി അടിച്ചു തകർത്ത കോൺഗ്രസുകാർക്കെതിരെ കേസ്
തൻറെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ആയിരുന്നു ജോജുവിന്റെ ചോദ്യം. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിൻറെ വണ്ടി സമരക്കാർ തടയുകയും ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ അടിച്ചു തകർക്കുകയുമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ