ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

By Web TeamFirst Published Dec 19, 2020, 2:13 PM IST
Highlights

ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‍കൃതഭാഷാ ചിത്രം 'നമോ', ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്‍റെ തമിഴ് ചിത്രം 'അസുരന്‍' തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രദീപ് കാളിപുറയത്തിന്‍റെ 'സേഫ്', അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സ്', നിസാം ബഷീറിന്‍റെ 'കെട്ട്യോളാണ് എന്‍റെ മാലാഖ', സിദ്ദിഖ് പരവൂരിന്‍റെ 'താഹിറ', മുഹമ്മദ് മുസ്‍തഫയുടെ 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ഇതില്‍ 'കപ്പേള'യെ ഉള്‍പ്പെടുത്തിയിരിക്കുന്നത് മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ്. ശരണ്‍ വേണുഗോപാലിന്‍റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം. 

Happy to announce the selection of 23 Feature and 20 non-feature films in Indian Panorama of 51st IFFI. pic.twitter.com/Kx0acUZc3N

— Prakash Javadekar (@PrakashJavdekar)

ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‍കൃതഭാഷാ ചിത്രം 'നമോ', ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്‍റെ തമിഴ് ചിത്രം 'അസുരന്‍', അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുത് നായകനായ നിതേഷ് തിവാരിയുടെ 'ചിച്ചോറെ' തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ഇത്തവണത്തെ ഐഎഫ്എഫ്ഐ അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാണ് നടക്കുക. നേരത്തെ നവംബര്‍ 20 മുതല്‍ 28 വരെ നടത്താനായിരുന്നു ആലോചിച്ചിരുന്നത്. 

click me!