
കോഴിക്കോട്: വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന നടന്‍ ശ്രീനീവാസന്‍റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഡോക്ടര്‍മാരും സോഷ്യല്‍മീഡിയയും. വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ മാധ്യമം പത്രത്തിൽ എഴുതിയത്. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം വിദഗ്ധര്‍ വൈറ്റമിൻ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നില നില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു. അവര്‍ക്ക് മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാഅണ് താല്‍പര്യം. ലോകാരോഗ്യ സംഘനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ ആരോപിക്കുന്നു.
ചെന്നൈയില്‍ ഒരു സ്കാനിംഗ് മെഷീന്‍ കണ്ടു. ജപ്പാനില്‍ നിന്നുള്ളതാണ്. കൈപ്പത്തിമാത്രം വച്ച് ദേഹം മുഴുവന്‍ സ്കാന്‍ ചെയ്യാം. നമ്മുടെ നാട്ടില്‍ വലിയ ഗുഹയ്ക്കുള്ളില്‍ എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്കാനിംഗ്. അങ്ങനെ പേടിപ്പിച്ച് സ്കാന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പണം വാങ്ങാം. ഇവിടെ നഖത്തിനും മടിക്കും വരെ വേറെ വേറെ ഡോക്ടര്‍മാരാണ്. എന്നാല്‍ ജപ്പാനില്‍ ഫാമിലി ഡോക്ടര്‍മാരാണ്. അവിടെ ഒരു ഡോക്ടറാണ് എല്ലാ രോഗവും പരിശോധിക്കുന്നത്. ഇവിടെ കൊവിഡിന് മരുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു. അതൊന്ന് പരിശോധിച്ച് നോക്കാന്‍ പോലും ആരും തയ്യാറാവുന്നില്ല. ഇതൊക്കെ തുറന്ന് പറഞ്ഞാല്‍ തെറ്റുകാരനാകുമെന്ന ഭയമുണ്ടെന്നുൂം ശ്രീനിവാസന്‍ എഴുതുന്നു.
കൊവിഡ് ഉയര്‍ത്തിയ ഭീതിയിലാണ് എല്ലാവരും. എന്നാല്‍ ഇതിനെ ഞാനൊരു നന്മയായി കാണുന്നു. ജാതിക്കും മതത്തിനും അപ്പുറമായ ചിന്ത വളരാന്‍ ഈ അവസ്ഥ നമ്മളെ സഹായിച്ചെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം ശ്രീനിവാസന്‍റെ വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യപ്രവര്‍ത്തകനായ ഡോക്ടര്‍ ജിനേഷ് പിഎസ് രംഗത്ത് വന്നു. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യെന്നാണ് ഡോക്ടറുടെ പ്രതികരണം.
വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ഇത് ഒരു ഡോക്ടറുടെ പേരില്‍ പുറത്ത് വന്ന വ്യാജ സന്ദേശമാണ്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്ന് ഓര്‍ക്കണമെന്ന് ജിനേഷ് പിഎസ് ഓര്‍മിപ്പിച്ചു. അശാസ്ത്രീയമായ പ്രചാരണം നടത്തിയ ശ്രീനിവാസനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ