കൊവിഡ് കാലത്തെ പോരാട്ടത്തിന്; ബോയിംഗ് 737 വിമാനം സോനു സൂദിന് സമർപ്പിച്ച് സ്പൈസ്ജെറ്റ്

By Web TeamFirst Published Mar 20, 2021, 6:11 PM IST
Highlights

കമ്പനിയുടെ പ്രവർത്തിയിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നാണ് സോനുവിന്റെ വാക്കുകൾ. 

ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ മാനിച്ച് സോനു സൂദിന് പ്രത്യേക വിമാനം സമർപ്പിച്ചിരിക്കുകയാണ് സ്‌പൈസ്ജെറ്റ്. നടന്റെ ചിത്രമുള്ള ബോയിംഗ് 737 വിമാനം സ്‌പൈസ് ജെറ്റ് പുറത്തിറക്കി.

"സോനു സൂദുമായുള്ള ബന്ധവും ഈ മഹാമാരിക്കാലത്ത് ഒന്നിച്ച് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമാനിക്കുന്നു. സോനുവിന്റെ നിസ്വാർത്ഥ പരിശ്രമങ്ങൾക്ക് സ്പൈസ് ജെറ്റിൽ നിന്നുള്ള സ്മരണയാണ് ഈ പ്രത്യേക വിമാനം. അദ്ദേഹം ചെയ്ത മികച്ചതും മാതൃകാപരവുമായ പ്രവർത്തനത്തിന് നന്ദി," എന്നാണ് സ്പൈസ്ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞത്. 

"എല്ലാത്തിനും നന്ദി, സോനു! നിങ്ങൾ ഞങ്ങൾക്കും മറ്റ് പലർക്കും ഒരു പ്രചോദനമാണ്, അസാധാരണമായ അനുകമ്പയോടെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു", വിമാനത്തിന്റെ ചിത്രം പുറത്തുവിട്ട് സ്പൈസ്ജെറ്റ് ട്വിറ്റർ പേജിൽ കുറിച്ചു. 

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സോനു സൂദിനൊപ്പം സ്പൈസ് ജെറ്റും പ്രവർത്തിച്ചിരുന്നു. കിർഗിസ്ഥാനിൽ കുടുങ്ങിയ 1500 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെയും റഷ്യ, ഉസ്ബെക്കിസ്ഥാൻ, മനില, എന്നിവിടങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. 

കമ്പനിയുടെ പ്രവർത്തിയിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നാണ് സോനുവിന്റെ വാക്കുകൾ. ഒറ്റപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിച്ച സ്‌പൈസ് ജെറ്റിന്റെ അശ്രാന്തവും വിലമതിക്കാനാവാത്തതുമായ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും സോനു പറഞ്ഞു. 

click me!