കൊവിഡിനെ തോല്‍പ്പിച്ച് 'ഫാ. ബെനഡിക്റ്റ്'; രണ്ടാം വാരത്തിലും മികച്ച തിയറ്റര്‍ കൗണ്ടുമായി 'ദി പ്രീസ്റ്റ്'

By Web TeamFirst Published Mar 20, 2021, 4:08 PM IST
Highlights

ഈ മാസം 11നാണ് കേരളത്തിലും യുഎഇ, ജിസിസി, സൗദി, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ആയത്. 

കൊവിഡ് പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരു റിലീസ് ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്'. തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചതിനു ശേഷം ഉണ്ടായ ആദ്യ റിലീസ്, കൊവിഡ് ഇടവേളയ്ക്കുശേഷം മലയാളത്തില്‍ നിന്ന് ആദ്യമായെത്തുന്ന സൂപ്പര്‍താര ചിത്രം എന്നിങ്ങനെ പല പ്രത്യേകതകളുമുണ്ടായിരുന്നു പ്രീസ്റ്റിന്. ആദ്യദിനങ്ങളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം വാരത്തിലും ചലച്ചിത്ര വ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു മുന്നേറുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഈ മാസം 11നാണ് കേരളത്തിലും യുഎഇ, ജിസിസി, സൗദി, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ആയത്. കേരളത്തില്‍ ഒരു മമ്മൂട്ടി ചിത്രത്തിന് സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആയിരുന്നു പ്രീസ്റ്റിന്. കേരളത്തില്‍ മാത്രം 306 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. രണ്ടാമവാരത്തിലേക്ക് കടക്കുമ്പോള്‍ 202 സ്ക്രീനുകളില്‍ ചിത്രം തുടരുന്നുണ്ട്. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും സ്ക്രീന്‍ കൗണ്ട് കാര്യമായി കുറയാതെയാണ് ചിത്രം രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുന്നത്.

എന്നാല്‍ കേരളത്തിനു പുറത്ത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ വാരാന്ത്യത്തിലാണ് (19) ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്‍ഗഡ്, ഹരിയാന, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ജാര്‍ഖണ്ഡ്, ന്യൂഡല്‍ഹി, പശ്ചിമബംഗാള്‍, തമിഴ്നാട്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെല്ലാം കാര്യമായ സ്ക്രീന്‍ കൗണ്ടോയെയാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്. കേരളത്തില്‍ സെക്കന്‍ഡ് ഷോ തുടങ്ങിയതിനു പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രം തിയറ്റര്‍ വ്യവസായത്തിന് ആശ്വാസമാവുന്നതായാണ് സിനിമാമേഖലയില്‍ നിന്നു ലഭിക്കുന്ന വിവരം. അന്‍പത് ശതമാനം പ്രവേശനം എന്ന നിബന്ധന നിലനില്‍ക്കെത്തന്നെ ചിത്രത്തിന് ഭേദപ്പെട്ട ഷെയര്‍ വരുന്നുണ്ട്. കൊവിഡിന് മുന്‍പുള്ളതിനേക്കാള്‍ വലിയ ഷെയര്‍ ആണ് ചിത്രത്തിന് റിലീസ് ദിനത്തില്‍ ലഭിച്ചതെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് നേരത്തേ പറഞ്ഞിരുന്നു. 
 

click me!