
സോഷ്യൽ മീഡിയയിലെ താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടാറുള്ളതും. അത്തരത്തിൽ തന്റെ മഴയോർമകളെക്കുറിച്ച് സൗഭാഗ്യ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മഴ തനിക്കത്ര നൊസ്റ്റാൾജിക് ഓർമയല്ലെന്നും അത് എന്തുകൊണ്ടാണെന്നുമാണ് സൗഭാഗ്യ വീഡിയോയിലൂടെ വിശദീകരിക്കുന്നത്.
''മഴ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ? എനിക്കറിയാവുന്ന 90 ശതമാനം ആളുകൾക്കും മഴ ഒരു ഭ്രാന്താണ്. പക്ഷേ, 2017 നു ശേഷം എനിക്ക് മഴ എന്നു പറഞ്ഞാൽ ഒരു വില്ലനെപ്പോലെയാണ്. എനിക്കത് ഒരിക്കലും ആസ്വദിക്കാൻ പറ്റാറേയില്ല. ഒരുപാടു പേർക്ക് മഴ കുറേ ഇമോഷൻസ് ട്രിഗർ ചെയ്യാറുണ്ട്. സങ്കടം, സമാധാനം, ശാന്തത അങ്ങനെ പലതും... എനിക്ക് മഴ എപ്പോഴും ട്രോമ മാത്രമേ കൊണ്ടുവരാറുള്ളൂ. അതിലേറ്റവും വലിയ ട്രോമയാണ് 2017 ൽ എന്റെ അച്ഛന്റെ മരണം.
അന്ന് ആ മഴ നനഞ്ഞ് പനി പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും അച്ഛൻ ജീവനോടെ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. വിധിയെ ആർക്കും തടുക്കാൻ പറ്റില്ല എന്ന കാര്യം സത്യമാണ്. പക്ഷേ ആ മഴയാണ് വില്ലനായി വന്ന് എന്റെ അച്ഛനെ കൊണ്ടുപോയതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.
മാത്രമല്ല, മഴ വരുമ്പോൾ ഞാനും എന്റെ ജീവികളുമെല്ലാം ഒരുപോലെ കിടന്ന് കഷ്ടപ്പെടും. അവരെ ഒന്ന് പുറത്തിറക്കാനോ കളിപ്പിക്കാനോ ഒന്നും പറ്റില്ല. എല്ലാവരും അവരവരുടെ കൂടുകളിൽ ഒതുങ്ങും. പക്ഷേ, മഴയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉള്ളതുകൊണ്ട് മഴ പെയ്യല്ലേ എന്നൊന്നും ഞാൻ പ്രാർത്ഥിക്കാറില്ല, ഞാൻ അത് ആസ്വദിക്കാറില്ല എന്നു മാത്രം. എത്രയും പെട്ടെന്ന് മഴ മാറി വെയിൽ തെളിയാൻ കാത്തിരിക്കുന്നവരാണ് ഞാനും എന്റെ വളർത്തുമൃഗങ്ങളും'', സൗഭാഗ്യ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക