'ലാഭവിഹിതം നല്‍കാനായി മാറ്റിവച്ചിട്ടുണ്ട്'; മഞ്ഞുമ്മല്‍ ബോയ്‍സ് കേസില്‍ വീണ്ടും പൊലീസിന് മുന്നില്‍ ഹാജരായി സൗബിന്‍

Published : Jul 08, 2025, 11:48 AM ISTUpdated : Jul 08, 2025, 12:03 PM IST
soubin shahir appeared before maradu police in manjummel boys movie case again

Synopsis

നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനായി നടൻ സൗബിൻ ഷാഹിർ മരട് പൊലീസ് സ്റ്റേഷനിൽ ഇന്നും ഹാജരായി. ഇതേ സ്റ്റേഷനില്‍ സൗബിന്‍ അടക്കമുള്ളവര്‍ ഇന്നലെയും ഹാജരായിരുന്നു. പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയതാണെന്ന് സൗബിൻ പറഞ്ഞു. ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും. ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും. ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും സൗബിൻ പറയുന്നു.

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നൽകിയില്ലെന്ന് കാണിച്ച് അരൂർ അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപുതന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

മലയാള സിനിമയില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ശ്രദ്ധ നേടി. തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന റെക്കോര്‍‍ഡ് കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടിയില്‍ അധികം നേടിയിരുന്നു. ചിത്രത്തിന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ് 240 കോടിയില്‍ അധികമാണ്. നിലവില്‍ എക്കാലത്തെയും വലിയ മലയാളം ഗ്രോസര്‍ പട്ടികയില്‍ എമ്പുരാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈ ചിത്രം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സൗബിന്‍ ആയിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു