
സ്വന്തം നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം നടത്താനായതിന്റെ സന്തോഷം പങ്കുവച്ച് നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചാണ് തന്റെ വിദ്യാർത്ഥികളുടെ നൃത്ത സന്ധ്യ സൗഭാഗ്യ നടത്തിയത്. തനിക്കു പ്രോഗ്രാം കിട്ടുന്നതിനേക്കാൾ സന്തോഷം തൻ്റെ വിദ്യാർഥികൾക്ക് കിട്ടുന്നതാണെന്നും സൗഭാഗ്യ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.
''ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ വിദ്യാർഥികളുടെ അരങ്ങേറ്റം ആയിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി പല നൃത്തരൂപങ്ങളും അവർ അവതരിപ്പിച്ചു. വളരെ സന്തോഷമുണ്ട്. 2025 ഒരു നല്ല തുടക്കം ആയിരുന്നു. ജനുവരി മാസം കുറേ പ്രോഗ്രാമുകൾ കിട്ടി. എനിക്കൊരു പ്രോഗ്രാം കിട്ടുന്നതിനേക്കാൾ സന്തോഷം എൻ്റെ വിദ്യാർഥികൾക്ക് പ്രോഗ്രാം കിട്ടുമ്പോളാണ്. മുൻപ് അമ്മ ഇതേ കാര്യം പറയുമ്പോൾ എനിക്കാ ഫീലിംഗ്സ് ഒന്നും മനസിലാകില്ലായിരുന്നു. ഇപ്പോഴാണ് അതൊക്കെ ഞാൻ മനസിലാക്കുന്നത്'', സൗഭാഗ്യ പറഞ്ഞു.
വിദ്യാർഥികളുടെ അരങ്ങേറ്റ ദിനത്തിൽ ഉത്തരവാദിത്വം ഉള്ള ഒരു അദ്ധ്യാപികയായി സൗഭാഗ്യ എല്ലാം നോക്കി നടത്തുന്നതിന്റെയും ഭർത്താവ് അർജുന്റെ മടിയിലിരുന്ന് നൃത്തം ആസ്വദിക്കുന്നതിന്റെയും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ടിക് ടോക്ക് താരമായാണ് സൗഭാഗ്യ വെങ്കിടേഷ് ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലും താരം സജീവമാണ്. സൗഭാഗ്യയുടെ വ്ലോഗുകൾക്ക് ആരാധകർ ഏറെയാണ്. ഭർത്താവ് അർജുനൊപ്പമുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുമുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ നൃത്തവിദ്യാലയത്തിന്റെ തിരക്കുകളിലാണ് താരം.
ALSO READ : മുന്‍ സൈനികോദ്യോഗസ്ഥന്‍റെ ജീവിതം പറയാന്‍ 'മൈ ജോംഗ'