ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ; അതുല്യകലാകാരന് പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുന്നു

Web Desk   | Asianet News
Published : Jan 25, 2021, 10:10 PM ISTUpdated : Jan 25, 2021, 10:29 PM IST
ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ; അതുല്യകലാകാരന് പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുന്നു

Synopsis

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു. 

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ശബ്ദമാധുര്യമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുകയാണ്. 2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇതിനിടെയാണ് പദ്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുന്നത്. ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല എസ് പി ബി എന്ന ആ മൂന്നക്ഷരത്തെ. 

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു. സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.

നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. 

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് സ്വന്തമാണ്. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 72-ാം റിപ്പബ്ലിക് ദിനത്തിൽ എസ്പിബിയെ പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ​ഗാനങ്ങൾക്ക് മുമ്പിൽ അതിനെക്കാൾ ഉപരി അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ സം​ഗീതലോകം നമസ്കരിക്കുകയാണ്. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്