സംവിധായകൻ മാരുതിയുടെ 'രാജാസാബ്' ഒരു വിസ്മയമായിരിക്കുമെന്ന് പ്രഭാസ്. ഹൊറർ-കോമഡി വിഭാഗത്തിലുള്ള ചിത്രം, മുത്തശ്ശിയുടെയും കൊച്ചുമകന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെ ഞെട്ടിച്ചുവെന്നും പ്രഭാസ്.
സംവിധായകൻ മാരുതിയുമായി ഒരുക്കുന്നൊരു വിസ്മയമായിരിക്കും 'രാജാസാബ്' എന്ന് റിബൽ സ്റ്റാർ പ്രഭാസ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് രസകരമായി പറഞ്ഞു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ
'സഞ്ജയ് ദത്ത് ഗാരു ഒരു ക്ലോസപ്പ് ഷോട്ടിൽ വന്നാൽ പോലും ആ സീൻ മുഴുവൻ അദ്ദേഹം കൈക്കലാക്കും. ഇതൊരു മുത്തശ്ശിയുടെയും കൊച്ചുമകന്റെയും കഥയാണ്. സെറീന വഹാബ് ഗാരുവാണ് ഈ ചിത്രത്തിൽ എന്‍റെ മുത്തശ്ശിയായി അഭിനയിച്ചത്. അവർ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്‍റെ സ്വന്തം സീനുകൾ പോലും മറന്ന് ഞാൻ അവരുടെ പ്രകടനം നോക്കി നിന്നുപോയി. ഞാൻ അവരുടെ അഭിനയത്തിന്‍റെ വലിയൊരു ആരാധകനായി മാറി. എന്നോടൊപ്പം സെറീന ഗാരുവും 'രാജാ സാബി'ലെ ഒരു ഹീറോ തന്നെയാണ്. റിദ്ധി, മാളവിക, നിധി എന്നീ മൂന്ന് സുന്ദരികളായ നായികമാരും തങ്ങളുടെ പ്രകടനത്തിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും നിങ്ങളെ ആകർഷിക്കും.
ഈ സിനിമയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിനേക്കാൾ കൂടുതലായെങ്കിലും നിർമ്മാതാവ് വിശ്വപ്രസാദ് വളരെ ധൈര്യപൂർവ്വം ഇത് നിർമ്മിച്ചു. 'ദി രാജാ സാബി'ന്‍റെ യഥാർത്ഥ ഹീറോ വിശ്വപ്രസാദ് ഗാരുവാണ്. ഇത്രയും വലിയൊരു ഹൊറർ-ഫാന്‍റസി ചിത്രത്തിന് സംഗീതം നൽകാൻ തമന് മാത്രമേ കഴിയൂ, അതുകൊണ്ട് ഞങ്ങൾ സിനിമ അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. ഡി.ഒ.പി കാർത്തിക് സിനിമയ്ക്ക് ജീവനേകുന്ന ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. നിങ്ങൾ കാരണമാണ് സിനിമയുടെ ക്വാളിറ്റി ഇത്രയും മികച്ചതായത്. ഫൈറ്റ് മാസ്റ്റർമാരായ റാം ലക്ഷ്മണും കിംഗ് സോളമനും മികച്ച ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
'രാജാ സാബി'ന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ സമ്മർദ്ദവും ഉത്തരവാദിത്തവും ഏറ്റവും കൂടുതലുള്ളത് സംവിധായകൻ മാരുതിക്കാണ്. ഞാൻ ആദ്യം മാരുതി ഗാരുവിനെ കണ്ടപ്പോൾ പറഞ്ഞത്, ഇപ്പോൾ എല്ലാ സിനിമകളും ആക്ഷൻ സിനിമകളായി മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ നമുക്ക് ആരാധകർക്ക് നല്ലൊരു എന്‍റർടെയ്നർ സിനിമ നൽകണം എന്നാണ്. അങ്ങനെയാണ് ഹൊറർ-കോമഡി വിഭാഗത്തിൽ ഞങ്ങൾ ഈ പ്രോജക്റ്റ് തയ്യാറാക്കിയത്. വിശ്വപ്രസാദ് ഗാരു മാരുതിയുടെ സ്ക്രിപ്റ്റിന് എപ്പോഴും പിന്തുണ നൽകി.
ക്ലൈമാക്സ് എത്തിയപ്പോൾ ഞാൻ മാരുതി ഗാരുവിന്‍റെ എഴുത്തിന്‍റെ ആരാധകനായി മാറി. അദ്ദേഹം ഇത് എഴുതിയത് പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൊറർ-കോമഡി സിനിമകളിൽ പോലും ഇത്തരമൊരു ക്ലൈമാക്സ് ഇതുവരെ വന്നിട്ടില്ല. നിങ്ങൾ ഇത് കണ്ട് എന്നോട് അഭിപ്രായം പറയണം. 15 വർഷത്തിന് ശേഷം മാരുതി ഒരു പൂർണ്ണമായ 'ഡാർലിംഗ്' എന്‍റർടെയ്ൻമെന്‍റ് നൽകുകയാണ്. ഈ സംക്രാന്തിക്ക് ചിത്രം വരും, എല്ലാവരും കാണണം. സംക്രാന്തിക്ക് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ബ്ലോക്ക്ബസ്റ്ററുകളാകട്ടെ.



