സ്പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് വിടുന്നു

By Web TeamFirst Published Aug 21, 2019, 5:21 PM IST
Highlights

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർമാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. 

ന്യൂയോര്‍ക്ക്: ലോകത്ത് എങ്ങും ആരാധകരുള്ള സൂപ്പര്‍ ഹീറോ കഥാപാത്രമാണ് സ്പൈഡര്‍മാന്‍. ഇപ്പോള്‍ ഇതാ സ്പൈഡര്‍മാന്‍ ആരാധകര്‍ക്ക് ആശങ്കയായി ആ വാര്‍ത്ത എത്തുന്നു. സ്പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് വിടുന്നു. സ്പൈഡര്‍മാന്‍റെ സൃഷ്ടാക്കളായ മാര്‍വലും, സ്പൈഡ‍ര്‍മാന്‍റെ അവകാശമുള്ള സോണിയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് സ്പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന് പുറത്തേക്ക് പോകുവാന്‍ വഴിയൊരുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർമാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർമാന്‍റെ യഥാർത്ഥ പേര്. പിന്നീട് മാര്‍വല്‍ കോമിക്സില്‍ നിന്നും ഈ കഥാപാത്രത്തിന്‍റെ സിനിമ അവകാശം സോണി വാങ്ങുകയായിരുന്നു. പിന്നീട് മാർവൽ സ്വന്തമായി ചലച്ചിത്ര രംഗത്ത് എത്തി തങ്ങളുടെ കഥാപാത്രങ്ങള്‍ കൊണ്ട് സാന്നിധ്യം ഉറപ്പിച്ചു. ഇതിനെ തുടര്‍ന്ന് സോണിയില്‍ നിന്നും സ്പൈഡര്‍മാന്‍ കഥാപാത്രത്തെ വീണ്ടും മാര്‍വലിന്‍റെ പ്രമോട്ടര്‍മാരായ സിഡ്നി തിരിച്ചെടുക്കുകയായിരുന്നു. 2016 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാറില്‍ ടോം ഹോളണ്ട് അവതരിപ്പിച്ച പുതിയ സ്പൈഡര്‍മാര്‍ എത്തി. പിന്നീട് മാര്‍വല്‍ പരമ്പരയിലെ അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേര്‍സ് എന്‍റ് ഗെയിം എന്നീ ചിത്രങ്ങളിലും സ്പൈഡര്‍മാന്‍ എത്തി.

ഇതേ സമയം സോണിയുമായി സംയുക്തമായി ചെയ്ത സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ മാര്‍വല്‍ കഥാപാത്രങ്ങളും എത്തി. സ്പൈഡര്‍മാന്‍ ഹോം കമിംഗില്‍ അയേണ്‍മാനും, സ്പൈഡര്‍മാര്‍ ഫാര്‍ ഫ്രൈം ഹോമില്‍ നിക്ക് ഫ്യൂരിയും ഉണ്ടായിരുന്നു. ഇത്തരത്തില്‍ നന്നായി പോയ ഡിസ്നി, സോണി സഹകരണം എന്നാല്‍ സ്പൈഡര്‍മാര്‍ ഫാര്‍ ഫ്രൈം ഹോമിന്‍റെ വന്‍ വിജയത്തോടെയാണ് മോശമായത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സ്പൈഡര്‍മാന്‍ അടക്കമുള്ള മാര്‍വല്‍ കഥാപാത്രങ്ങളെ വച്ച് സോണി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ലാഭം പങ്കുവയ്ക്കുന്നതില്‍ 5 ശതമാനം ആണ് മാര്‍വലിനുള്ള ഷെയര്‍. എന്നാല്‍ വരുമാന പങ്കുവയ്ക്കല്‍ 50:50 എന്ന രീതിയിലാണ് വേണ്ടത് എന്നാണ് മാര്‍വല്‍ ഉടമകളായ ഡിസ്നിയുടെ ആവശ്യം. 

7,913 കോടി ലോകത്തെമ്പാടും നേടിയ സ്പൈഡര്‍മാര്‍ ഫാര്‍ ഫ്രൈം ഹോമിന്‍റെ വന്‍ വിജയമാണ് ഇത്തരം ഒരു ആവശ്യത്തിന് മാര്‍വലിനെ പ്രേരിപ്പിച്ചത്. തങ്ങളുടെ സ്വന്തം കഥാപാത്രങ്ങളെ സോണിയുടെ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നതും. മറ്റ് പ്രോഡക്ഷന്‍ ചിലവുകള്‍ക്കും പുറമേയാണ് വരുമാനത്തിന്‍റെ 50:50 എന്ന ആവശ്യം ഡിസ്നി മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ സോണി ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് സ്പൈഡര്‍മാന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ മാര്‍വല്‍ വിടാന്‍ ഒരുങ്ങുന്നത്. അടുത്തിടെ വന്‍ വിജയം നേടിയ വെനം എന്ന കഥാപാത്രവും മാര്‍വലില്‍ നിന്നും സോണി വാങ്ങിയതാണ്. 

എന്നാല്‍ ഇതോടെ ആവഞ്ചേര്‍സ് എന്‍ഡ് ഗെയിമോടെ പുതിയ ഘട്ടത്തിലേക്ക് കടന്ന മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്‍റെ പുരോഗതിയെ ബാധിച്ചേക്കും. അയേണ്‍മാന്‍ തന്‍റെ പിന്‍ഗാമിയായി സ്പൈഡര്‍മാനെ നിശ്ചയിച്ചാണ് അവഞ്ചേര്‍സിന്‍റെ മൂന്നാം ഘട്ടം അവസാനിച്ചത്. ഇതേ സ്പൈഡര്‍മാന്‍ എംസിയു വിട്ടാല്‍ അത് മാര്‍വല്‍ ആരാധകര്‍ക്ക് വലിയ നിരാശയായിരിക്കും.

click me!