
കേരളത്തിലെ അതിവേഗം വികസിക്കുന്ന സ്വതന്ത്ര സംഗീതരംഗത്ത് വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കായുള്ള ആഗോള പരിപാടിയായ റഡാര്‍ മലയാളം സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ഉത്ഘാടന പതിപ്പിലെ സ്‌പോട്ട്‌ലൈറ്റ് കലാകാരിയായി ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ ഏറ്റവും പുതിയ സിംഗിളായ 'നട്ടംതിരി' പുതിയ റഡാര്‍ മലയാളം പ്ലേലിസ്റ്റിലെ മുഖ്യ ഗാനമായിരിക്കും. മലയാള സിനിമാസംഗീതത്തിന്റെ സമ്പന്നമായ പൈതൃകത്തോടൊപ്പം തന്നെ പുതുതലമുറയിലെ മലയാളി കലാകാരന്‍മാര്‍ ആവേശകരമായ ഒരു സംഗീത ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്.
2019-ല്‍ ഇന്ത്യയില്‍ സ്‌പോട്ടിഫൈ ആരംഭിച്ചതിനുശേഷം, പ്ലാറ്റ്ഫോമിലെ മലയാള സംഗീതത്തിന്റെ കേള്‍വിക്കാരുടെ എണ്ണം 5,300 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി സ്‌പോട്ടിഫൈ 2024ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സ്‌പോട്ടിഫൈയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ഭാഷയായി മലയാളം മാറി. സ്‌പോട്ടിഫൈ റാപ്ഡ് 2025-ല്‍ പുറത്തിറക്കിയ മികച്ച 50 മലയാള ഗാനങ്ങളുടെ പട്ടികയില്‍ 12 ഗാനങ്ങള്‍ സ്വതന്ത്ര കലാകാരരുടേതായിരുന്നു. ഇത് ശ്രോതാക്കള്‍ കലാകാരന്‍മാരെ മുന്‍നിര്‍ത്തിയുള്ള സംഗീതം വെറുതെ കണ്ടെത്തുക മാത്രമല്ല, അതിനെ സജീവമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
“ഇപ്പോള്‍ ഏറ്റവും ആവേശകരമായ കാര്യം, കേരളത്തില്‍ നിന്ന് ഒരു പുതിയ തലമുറ സ്വതന്ത്ര കലാകാരന്മാര്‍ ഉയര്‍ന്നുവരുന്നു എന്നതാണ്. അവര്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശ്രോതാക്കളുമായി ബന്ധം സ്ഥാപിക്കുന്ന മൗലികമായ സംഗീതസൃഷ്ടികള്‍ രചിക്കുകയും അവ നിര്‍മ്മിക്കുകയും പുറത്തിറക്കുകയും ചെയ്യുന്നു”. അത്തരം പ്രതിഭകളെ പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് റഡാര്‍ മലയാളമെന്നും മലയാളത്തിന് എന്നും സമ്പന്നമായ ഒരു സംഗീത പാരമ്പര്യമുണ്ടെന്നും സ്‌പോട്ടിഫൈ ഇന്ത്യയിലെ മ്യൂസിക് & പോഡ്കാസ്റ്റ്‌സ് വിഭാഗം മേധാവി ദ്രുവാങ്ക് വൈദ്യ പറഞ്ഞു.
സ്‌പോട്ടിഫൈയുടെ ആഗോള ആര്‍ട്ടിസ്റ്റ് ഡെവലപ്മെന്‍റ് പ്രോഗ്രാം ആണ് റഡാര്‍. എഡിറ്റോറിയല്‍ പിന്തുണ, മാര്‍ക്കറ്റിംഗ്, ഉള്ളടക്ക സൃഷ്ടി, തത്സമയ അവതരണ അവസരങ്ങള്‍, പ്രേക്ഷകവികസനം എന്നിവയിലൂടെ ഈ പദ്ധതി വളര്‍ന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നു. 2020-ല്‍ റഡാര്‍ ഇന്ത്യയിലൂടെ രാജ്യത്ത് ആരംഭിച്ച ഈ പദ്ധതി ഇതിനകം 100-ലധികം കലാകാരന്മാരെ പിന്തുണച്ചിട്ടുണ്ട്. തുടര്‍ന്ന് തമിഴ് (2023) പഞ്ചാബി (2024) ഭാഷകള്‍ക്കുള്ള പ്രത്യേക പതിപ്പുകളിലേക്കും ഇത് വ്യാപിച്ചു. 2023-നും 2025-നും ഇടയില്‍ റഡാര്‍ പദ്ധതിയിലൂടെ ഏകദേശം 30 ലക്ഷം പുതിയ ശ്രോതാക്കള്‍ പുതിയ കലാകാരന്‍മാരെ ആദ്യമായി കണ്ടെത്തി. റഡാറില്‍ ഉള്‍പ്പെടുത്തിയ കലാകാരന്‍മാരുടെ പ്രതിമാസ ശ്രോതാക്കളുടെ എണ്ണത്തില്‍ ശരാശരി 70 ശതമാനത്തിലധികം വര്‍ധനവും രേഖപ്പെടുത്തി. 2025-ന്റെ തുടക്കത്തില്‍, രാജ്യത്തെ വിവിധ സംഗീതവേദികളുമായുള്ള സഹകരണത്തിലൂടെ വളര്‍ന്നുവരുന്ന കലാകാരരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തത്സമയ സംഗീതപരമ്പരയായ 'റഡാര്‍ ലൈവ്' ആരംഭിച്ചുകൊണ്ടാണ് സ്‌പോട്ടിഫൈ ഈ പദ്ധതിയെ കൂടുതല്‍ വിപുലമാക്കിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ