മിഥുന്‍ മാനുവലിന്‍റെ രചനയില്‍ ഉണ്ണി മുകുന്ദന്‍; ഗോകുലത്തിന്‍റെ ബിഗസ്റ്റ് ബജറ്റ് ചിത്രം വരുന്നു

Published : May 04, 2025, 07:49 PM ISTUpdated : May 04, 2025, 08:30 PM IST
മിഥുന്‍ മാനുവലിന്‍റെ രചനയില്‍ ഉണ്ണി മുകുന്ദന്‍; ഗോകുലത്തിന്‍റെ ബിഗസ്റ്റ് ബജറ്റ് ചിത്രം വരുന്നു

Synopsis

മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് മിഥുന്‍ മാനുവല്‍ തോമസ്

മിഥുന്‍ മാനുവല്‍ തോമസിന്‍റെ രചനയില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. സംവിധായകന്‍ ആരെന്നത് പ്രഖ്യാപിച്ചിട്ടില്ല. താന്‍ ഏറെക്കാലമായി യാഥാര്‍ഥ്യമായി കാണാന്‍ ആഗ്രഹിക്കുന്ന പ്രോജക്റ്റ് ആണ് ഇതെന്നും ഉണ്ണി മുകുന്ദന്‍ കൂടി ചിത്രത്തിലേക്ക് വന്നതിനാലാണ് ഇത് യാഥാര്‍ഥ്യമായതെന്നും മിഥുന്‍ മാനുവല്‍ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്‍റെയും ഉണ്ണി മുകുന്ദന്‍റെയും ഗോകുലം മൂവീസിന്‍റെയും ഫിലിമോഗ്രഫിയിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് മിഥുന്‍ അറിയിച്ചിരിക്കുന്നത്. രചയിതാവ് എന്ന നിലയില്‍ താന്‍ ഏറെ ആവേശപ്പെടുന്ന പ്രോജക്റ്റ് ആണ് ഇതെന്നും മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിട്ടുണ്ട്. 

മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ് എന്റർടെയ്‍നര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു, മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം സോണി ലിവിലൂടെ ചിത്രം സ്ട്രീമിംഗും ആരംഭിച്ചിരുന്നു. 

അതേസമയം വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ടര്‍ബോ ആണ് മിഥുന്‍ മാനുവലിന്‍റെ രചനയില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ജയറാം നായകനായ അബ്രാം ഓസ്‍ലര്‍ ആണ് മിഥുന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായും എത്തിയിരുന്നു. തന്‍റെയും മറ്റുള്ളവരുടേതുമായി ഒന്‍പത് ചിത്രങ്ങള്‍ക്ക് മിഥുന്‍ മാനുവല്‍ ഇതുവരെ രചന നിര്‍വ്വഹിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍