
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അഭിനയത്തിൽ മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനുമാണ്. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ
‘കുരുതി’ കണ്ടു. പരിചിതമായ കുറെ ജീവിതങ്ങൾ. മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാൾ കടന്നുവരുന്നത് കല്ലുകടിയാണ്. ‘നത്തിങ് പെ-ർ-സണൽ' എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലീഷ് പറയുന്ന ലായിഖ് പക്ഷെ ‘നാറ്റ്സി' എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല. ലായിഖിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് കടന്നുവന്നത് യുക്തിഭദ്രമായി. യൂറോപ്പിൽ ഏറ്റവുമധികം മുസ്ലിങ്ങൾ ഉള്ള രാജ്യമാണ് ഫ്രാൻസ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്നിൽ പാരിസ് സെന്റ് ജെർമയ്ൻ (പിഎസ്ജി) ഫുട്ബോൾ ടീമിന്റെ ലോഗോയാണ്. ഫ്രാൻസിൽ ഇസ്ലാമോഫോബിയ വർദ്ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലീം വിഭാഗത്തെ ഒപ്പം ചേർത്തുനിർത്തുന്ന ക്ലബ്ബാണ് പിഎസ്ജി.
ഇങ്ങനെയുള്ള ചെറിയ വിവരങ്ങളിൽ പുലർത്തിയ സൂക്ഷ്മത പക്ഷെ വലിയ കാര്യങ്ങളിൽ ഉണ്ടായില്ല. ഒരു വീട്ടിൽ രണ്ടോ മൂന്നോ റൗണ്ട് വെടിവെപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയർന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കിൽ ശബ്ദം അടുത്ത വീട്ടിൽ മാത്രമല്ല കേൾക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകൾ കഴിഞ്ഞവൻ പയറുപോലെ നിൽക്കുകയാണ്. നേരം വെളുത്തിട്ടും പാലത്തിൽ കത്തിയുമായി നിൽക്കുന്നയാളിന് ആൾക്കാർ കാണുമെന്ന ചിന്തയുമില്ല.
രാത്രിദൃശ്യങ്ങൾ, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലർത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാൽ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങളുടെ ചുവടുപിടിച്ച് തീവ്രനിലപാടുകൾ വളർത്തുന്നവർ ഉണ്ടെന്നത് ദുരവസ്ഥയാണ്. കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല, യാഥാർഥ്യമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ