'എല്ലാവരിൽ നിന്നും വ്യത്യസ്തമായി പഴയ ഒരു ബന്ധം കൂടി ഞങ്ങൾക്കിടയിലുണ്ട്', ഓർമ്മകൾ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി

By Web TeamFirst Published Sep 25, 2020, 2:33 PM IST
Highlights

'ഇത്രയും സ്നേഹ സമ്പന്നനായ മറ്റൊരു വ്യക്തിയില്ല. എന്തു പറഞ്ഞാലും 'നോ' എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാൻ സാധിക്കില്ല'

തിരുവനന്തപുരം: അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ്  ശ്രീകുമാരൻ തമ്പി. ഗായകൻ ഗാനരചയിതാവ് എന്നതിൽ കവിഞ്ഞ് നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു തങ്ങളിരുവരും. ഇത്രയും സ്നേഹ സമ്പന്നനായ മറ്റൊരു വ്യക്തിയില്ല. എന്തു പറഞ്ഞാലും 'നോ' എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാൻ സാധിക്കില്ല, വലിയ നഷ്ടമാണെന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു. 

 ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

ഗായകൻ- ഗാനരചയിതാവ് എന്നതിൽ കവിഞ്ഞ് നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു തങ്ങളിരുവരും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ബന്ധം കൂടി ഞങ്ങൾക്കിടയിലുണ്ട്. ഇരുവരും ഒരേ കോളേജിൽ എഞ്ചിനിയറിംഗ് പഠിച്ചവരാണ്. എന്റെ ജൂനിയറായിരുന്നു ബാലു. അന്ന് ഇരുവരും സിനിമയിലെത്തിയിട്ടില്ല. പക്ഷേ പിന്നീട് രണ്ട് ഭാഷകളിലാണെങ്കിലും സിനിമയിലെത്തി. മലയാളത്തിൽ ബാലു ഏറ്റവും കൂടുതൽ പാടിയത്  തന്റെ പാട്ടുകളാണ്. 

അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. എനിക്ക് മകളുണ്ടായപ്പോൾ ഞാൻ കവിതയെന്നാണ് പേര് നൽകിയത്.  അത് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ബാലുവിന് മകളുണ്ടാകുന്നത്. നിങ്ങൾ കവിതയെന്ന് മകൾക്ക് പേരിട്ടു, ഞാനും ഗാനവുമായി ബന്ധമുള്ള പേര് നൽകുമെന്ന് അന്ന് ബാലു പറഞ്ഞു. പല്ലവിയെന്നാണ് ബാലു മകൾക്ക് നൽകിയ പേര്. രണ്ടുപേരും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് കുട്ടികളുടെ സ്കൂളിൽ വെച്ചും കാണുമായിരുന്നു. ഒരു കാലഘട്ടത്തിൽ തമിഴ്, തെലുങ്കു, കന്നടയിലും ഒന്നാം സ്ഥാനത്ത് നിന്ന കലാകാരനായിരുന്നു. ഹിന്ദിയിലും അദ്ദേഹം തിളങ്ങി. മലയാളമായിരുന്നു അദ്ദേഹത്തിന് അൽപ്പം വഴങ്ങാതിരുന്നതെന്ന് അദ്ദേഹവും പറയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു. 

click me!