
ബാഹുബലിക്ക് മുന്‍പേ പല ശ്രദ്ധേയ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്ക് പുറത്തേക്ക് എസ് എസ് രാജമൗലിക്ക് പേരുണ്ടാക്കി കൊടുത്തത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. ബാഹുബലിക്ക് മുന്‍പും ശേഷവും എന്ന തരത്തില്‍ മുഖ്യധാരാ ഇന്ത്യന്‍ സിനിമയെത്തന്നെ വിഭജിച്ചു അദ്ദേഹം. അത്രത്തോളമായിരുന്നു ആ ചിത്രം സൃഷ്ടിച്ച സ്വാധീനം. നിരവധി സംവിധായകന്‍ വലിയ കാന്‍വാസില്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയതും ബാഹുബലിക്ക് ശേഷമാണ്. ബാഹുബലിക്കും അതിന് പിന്നാലെ വന്ന ആര്‍ആര്‍ആറിനും ശേഷം രാജമൗലി ഇനി കാട്ടാന്‍ പോകുന്ന ബിഗ് സ്ക്രീന്‍ അത്ഭുതത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെ സംബന്ധിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
ചിത്രീകരണത്തിന്‍റെ സിംഹഭാഗവും രാജമൗലി ഇതിനകം പൂര്‍ത്തിയാക്കി എന്നതാണ് അത്. ചിത്രത്തിലെ പ്രധാന സീക്വന്‍സുകളൊക്കെ സംവിധായകന്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്ര വലിയൊരു ചിത്രത്തിന്‍റെ ഷൂട്ടിംഗിന് സാധാരണ നേരിടാറുള്ള അപ്രതീക്ഷിത ഇടവേളകള്‍ ഒന്നും വാരണാസി ഇതുവരെ നേരിട്ടിട്ടില്ല. ചിത്രീകരണം വേഗത്തില്‍ മുന്നേറാനുള്ള കാരണവും ഇത് തന്നെ. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക എന്നാണ് വിവരം. ഒക്ടോബര്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുമെന്നാണ് കരുതപ്പെടുന്നത്.
പേര് പോലെ തന്നെ വാരണാസി നഗരത്തിന്‍റെ കഥയാണ് ഈ രാജമൗലി ചിത്രം പറയുന്നത്. ഈ നഗരത്തിന്‍റെ ഭാവിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു ഭീമന്‍ ഛിന്നഗ്രഹം വരികയാണ്. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് പുറമെ ഒരു പ്രത്യേക സീക്വന്‍സില്‍ ശ്രീരാമനായും മഹേഷ് ബാബു സ്ക്രീനില്‍ എത്തും. ഇന്ത്യന്‍ സിനിമയിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ് കൂടിയാവും വാരണാസി. ചിത്രത്തിലെ നായികാ കഥാപാത്രമായ മന്ദാകിനിയെ അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയാണ്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായകനായ കുംഭയെ അവതരിപ്പിക്കുന്നത്. ഓസ്കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം എൺ കീരവാണി രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. 2027 ഏപ്രില്‍ 7 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ആവും വാരണാസി എന്നാണ് കരുതപ്പെടുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ