
തമിഴില്‍ അടുത്ത തലമുറ താരങ്ങളില്‍ വലിയ കരിയര്‍ ഗ്രോത്ത് നേടുമെന്ന് കരുതപ്പെടുന്ന ആളാണ് കവിന്‍. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ദാദ എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു കവിന്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയിരുന്നു. എലാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്റ്റാര്‍ എന്ന ചിത്രമാണ് അത്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ പ്രേക്ഷകരെ തേടി ഒടിടിയിലും എത്തിയിരിക്കുകയാണ്.
എലാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മെയ് 10 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 8 കോടിയെന്ന് ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന ചിത്രത്തിന്‍റെ ബജറ്റ് പിന്നീട് 12 കോടിയായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിയിരുന്നു. കവിന്‍റെ നിരയിലുള്ള ഒരു താരത്തിന്‍റെ ചിത്രത്തെ സംബന്ധിച്ച് കോളിവുഡില്‍ ഉയര്‍ന്ന ബജറ്റ് ആണിത്. അത്യാവശ്യം പ്രീ റിലീസ് പ്രേക്ഷകശ്രദ്ധയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആദ്യ രണ്ട് ആഴ്ചകളില്‍ നിന്ന് ചിത്രം നേടിയത് 25 കോടി (24.75 കോടി) ആയിരുന്നു. കവിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. ലാല്‍, ആദിതി പൊഹന്‍കാര്‍, പ്രീതി മുകുന്ദന്‍, ഗീത കൈലാസം, ലൊല്ലു സഭ മാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏഴില്‍ അരസ് കെ ആണ് ഛായാഗ്രഹണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും.
ALSO READ : വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍