
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപ്പെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൌതം ഘോഷ്. അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ വിനയൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിന്റെ പല ഘട്ടങ്ങിലും പല അഭിപ്രായങ്ങളുയർന്നുവന്നെന്നും എന്നാൽ അന്തിമ തീരുമാനം ജൂറി ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഗൌതം ഘോഷ് എഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.
നേരത്തെ സംവിധായകൻ വിനയൻ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സർക്കാരിനോട് വിനയൻ അവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ രഞ്ജിത്തിന് പിന്തുണയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരായ ആരോപണം ഗുരുതരമെന്നായിരുന്നു എഐവൈഎഫ് നിലപാട്. വിഷയത്തില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്തുനിന്ന നീക്കണമെന്നും മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേത് എന്നും എഐവൈഎഫ് വിമർശിച്ചിരുന്നു.
ഇന്നലെ മറ്റൊരു ജൂറി അംഗത്തിന്‍റെ ശബ്ദരേഖ കൂടി സംവിധായകൻ വിനയൻ പുറത്തുവിട്ടിരുന്നു. ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള അവാർഡിന്‍റെ തെരഞ്ഞെടുപ്പിൽ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ജെൻസി ഗ്രിഗറി പറയുന്ന ശബ്ദ രേഖയാണ് പുറത്തുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ