പകര്‍പ്പവകാശ ലംഘനമെന്ന് കോടതി; സുരേഷ് ഗോപി ചിത്രത്തിന്‍റെ വിലക്ക് തുടരും

By Web TeamFirst Published Aug 20, 2020, 7:13 PM IST
Highlights

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി നായകനാവുന്ന ചിത്രം തങ്ങളുടെ ചിത്രത്തിന്‍റെ പകര്‍പ്പകവാശം ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 

സുരേഷ് ഗോപി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായി എത്തുന്ന നവാഗത സംവിധായകന്‍റെ ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്ഥിരപ്പെടുത്തി കോടതി. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. കേസ് പൂര്‍ണ്ണമായും അവസാനിക്കും വരെ ചിത്രത്തിന്‍റെ വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി നായകനാവുന്ന ചിത്രം തങ്ങളുടെ ചിത്രത്തിന്‍റെ പകര്‍പ്പകവാശം ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും സമൂഹമാധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റിയും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഇരുഭാഗത്തിന്‍റെയും വാദം കേട്ട് തിരക്കഥയും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ്.

സുരേഷ് ഗോപി ചിത്രത്തിന്‍റെ സംവിധായകന്‍ മാത്യൂസ് തോമസ് തനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള ആളാണെന്നും അദ്ദേഹത്തിന് കടുവയുടെ തിരക്കഥ അറിയാമായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ജിനു എബ്രഹാം പറഞ്ഞിരുന്നു. സുരേഷ് ഗോപി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും കഥാപാത്രത്തിന്‍റെ പേരടക്കമുള്ള കാര്യങ്ങളിലെ സാമ്യതയും കണ്ടപ്പോഴാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ജിനു പറഞ്ഞിരുന്നു.
 

click me!