ലോക്ക്ഡൗണ്‍ കാലത്തെ 'സ്ട്രീമിംഗ് യുദ്ധം'; എച്ച്ബിഒ മാക്സ് അടുത്ത മാസം

By Web TeamFirst Published Apr 22, 2020, 9:49 AM IST
Highlights

എച്ച്ബിഒയുടെയും വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെയുമൊക്കെ മാതൃസ്ഥാപനമായ വാര്‍ണര്‍ മീഡിയയാണ് പുതുപുത്തന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുമായി എത്തുന്നത്. 'എച്ച്ബിഒ മാക്സ്' എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം മെയ് 27ന് സ്ട്രീമിംഗ് ആരംഭിക്കും. 

കൊവിഡ് മഹാമാരി മറ്റ് വ്യവസായങ്ങളെപ്പോലെ ലോകമാകമാനമുള്ള വിനോദവ്യവസായത്തെയും ക്ഷീണിപ്പിച്ചിട്ടുണ്ട്. ഷൂട്ടിംഗ് മുതല്‍ തീയേറ്റര്‍ പ്രദര്‍ശനം വരെ, സിനിമാ വ്യവസായം ആകെ സ്‍തംഭിച്ചു നില്‍ക്കുന്നു. ടെലിവിഷന്‍ വിനോദ ചാനലുകളും പരസ്യവരുമാനം കുറഞ്ഞതിന്‍റെ ഉത്കണ്ഠയിലാണ്. എന്നാല്‍ കൊറോണ വൈറസും തുടര്‍ന്ന് മിക്ക രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണുമെല്ലാം ഗുണമുണ്ടാക്കിയ ഒരു വിനോദവ്യവസായ ശാഖയുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകള്‍. വീട്ടിലിരിക്കുന്ന ജനം വിനോദത്തിനായി തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെ കൂടുതലായി ആശ്രയിച്ചുതുടങ്ങിയതോടെ ഈ പരീക്ഷണകാലത്തെ ഒരു അവസരമാക്കി മാറ്റുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍. നിലവിലുള്ള പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ കണ്ടന്‍റില്‍ ആകുംവിധം വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ പുതുപുത്തന്‍ പ്ലാറ്റ്ഫോമുകളുമായി കടന്നുവരികയാണ് വിനോദ വ്യവസായ രംഗത്തെ ചില വമ്പന്മാര്‍. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച 'ഡിസ്‍നി പ്ലസ്' (വാള്‍ട്ട് ഡിസ്‍നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം) ഈ മാസാദ്യത്തില്‍ ആഗോളതലത്തില്‍ അഞ്ച് കോടി സബ്സ്ക്രൈബേഴ്‍സിനെ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വമ്പന്‍ കമ്പനി കൂടി സ്ട്രീമിംഗ് മേഖലയിലേക്ക് വരുന്നു.

എച്ച്ബിഒയുടെയും വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെയുമൊക്കെ മാതൃസ്ഥാപനമായ വാര്‍ണര്‍ മീഡിയയാണ് പുതുപുത്തന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുമായി എത്തുന്നത്. 'എച്ച്ബിഒ മാക്സ്' എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം മെയ് 27ന് സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സബ്‍സ്ക്രിപ്ഷന് പണം അല്‍പം കൂടുതല്‍ മുടക്കണം. നെറ്റ്ഫ്ളിക്സ് (സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍), ഡിസ്‍നി പ്ലസ്, ആപ്പിളിന്‍റെ ആപ്പിള്‍ ടിവി പ്ലസ് എന്നിവയേക്കാളൊക്കെ കൂടുതലാണ് എച്ച്ബിഒ മാക്സിന്‍റെ സബ്‍സ്ക്രിപ്ഷന്‍ തുക. മാസം 14.99 ഡോളറാണ് യുഎസിലെ നിരക്ക്. സാധാരണ പ്രതിമാസ പ്ലാനിന് നെറ്റ്ഫ്ളിക്സ് യുഎസില്‍ ഈടാക്കുന്നത് 12.99 ഡോളറാണ്.

So excited to announce will officially launch May 27th, 2020! Learn more about the extraordinary slate of content available at launch: https://t.co/7efZSCUlLp https://t.co/W4iAcF6A8x

— WarnerMedia (@WarnerMedia)

എന്നാല്‍ വൈവിധ്യമുള്ള ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ മറ്റാരെക്കാളും മുന്നിലാണെന്നും വില കൂട്ടിയാലും ഉപഭോക്താക്കള്‍ ഒപ്പമുണ്ടാവുമെന്നും വാര്‍ണര്‍ മീഡിയ കരുതുന്നു. വാര്‍ണര്‍ മീഡിയക്ക് കീഴിലുള്ള എച്ച്ബിഒ, വാര്‍ണര്‍ ബ്രദേഴ്‍സ്, കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക്, സിഎന്‍എന്‍, ടിഎന്‍ടി, ടിബിഎസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉള്ളടക്കങ്ങളൊക്കെ ഒരു പ്ലാറ്റ്ഫോമിലേക്ക് വരുകയാണ് എച്ച്ബിഒ മാക്സിലൂടെ. മാക്സ് ഒറിജിനല്‍സ്, എച്ച്ബിഒ ഒറിജിനല്‍സ്, എച്ച്ബിഒ ലൈബ്രറി സിരീസ്, എച്ച്ബിഒ ലൈബ്രറി മൂവീസ്, എച്ച്ബിഒ മാക്സ് ലൈബ്രറി സിരീസ്, എച്ച്ബിഒ മാക്സ് ലൈബ്രറി മൂവീസ് എന്നീ വിഭാഗങ്ങളിലായി 10,000 മണിക്കൂറുകളുടെ സമ്പന്നമായ ഉള്ളടക്കമാണ് എച്ച്ബിഒ മാക്സിലൂടെ വാര്‍ണര്‍ മീഡിയ ബിഞ്ച് വാച്ചേഴ്‍സിന് വാഗ്‍ദാനം ചെയ്യുന്നത്. 

click me!