വെട്രിമാരൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; സ്റ്റണ്ട് മാൻ മരിച്ചു

By Web TeamFirst Published Dec 5, 2022, 9:00 PM IST
Highlights

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി സുരേഷ് 20 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈ : വെട്രിമാരൻ സംവിധാനം ചെയുന്ന 'വിടുതലൈ' എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. അമ്പത്തി നാല് വയസായിരുന്നു. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി സുരേഷ് 20 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ആശുപത്രിയിൽ‌ എത്തിച്ചുവെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. 

തീവണ്ടി ദുരന്തം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 25 വർഷത്തിലേറെയായി സ്റ്റണ്ട് മാനായി പ്രവർത്തിക്കുന്ന ആളായിരുന്നു സുരേഷ്. 

വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് 'വിടുതലൈ'. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം  ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. 

'എലിപ്പത്തായ'ത്തിലെ ഉണ്ണിയും 'ഖെദ്ദ'യും തമ്മിലെന്ത് ?

സൂരിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായെന്നും രണ്ടാം ഭാഗത്തിന്റേത് 90 ശതമാനം പൂര്‍ത്തിയായെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. കമല്‍ ഹാസന്‍ നായകനായ വിക്രത്തിന് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. 

click me!