'പലരും പല രീതിയില്‍ വ്യാഖ്യാനിച്ചു'; 'ഫെമിനിസ്റ്റ് പോസ്റ്റി'ലെ വിമര്‍ശനത്തില്‍ സുബി സുരേഷിന്‍റെ പ്രതികരണം

By Web TeamFirst Published Jun 6, 2021, 1:54 PM IST
Highlights

ഫെമിനിസം എന്താണെന്ന ഗാഢമായ അറിവ് തനിക്ക് ഇല്ലെന്നും അത് താന്‍ പങ്കെടുക്കുന്ന ഒരു ചാനല്‍ പരിപാടിയിലെ ഗെറ്റപ്പ് ആണെന്നും സുബി

നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വട്ടപ്പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ സ്വന്തം ചിത്രത്തിനൊപ്പം 'ഫെമിനിസ്റ്റ്' എന്നാണ് സുബി കുറിച്ചത്. മോഹന്‍ലാലിന്‍റെയും മഞ്ജു വാര്യരുടെയും പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയുമൊക്കെ പ്രശസ്‍ത കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ ചിത്രങ്ങള്‍ പതിച്ച ഭിത്തിക്കു മുന്നില്‍ നിന്നായിരുന്നു സുബിയുടെ ഈ ചിത്രം. ഫെമിനിസ്റ്റ് എന്ന ക്യാപ്‍ഷനൊപ്പം ഒരു സ്മൈലിയും സുബി പങ്കുവച്ചിരുന്നു. എന്നാല്‍ പോസ്റ്റിനു പിന്നാലെ ഫേസ്ബുക്കില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇത് ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്നും സുബിയെപ്പോലെ ജനപ്രീതിയുള്ള ഒരു കലാകാരിയില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 22 ലക്ഷത്തിലധികം ലൈക്കുകളുള്ള ഫേസ്ബുക്ക് പേജ് ആണ് സുബിയുടേത്. വിമര്‍ശനം കടുത്തതോടെ സുബി തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്‍തു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അപ്പോഴേക്കും വ്യാപകമായി പ്രചരിച്ചുതുടങ്ങി. സുബിയുടെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി പേര്‍ എത്തി ഈ സ്ക്രീന്‍ ഷോട്ട് മറ്റു പോസ്റ്റുകള്‍ക്ക് കമന്‍റ് ആയും ഇടാന്‍ തുടങ്ങി. വിശദീകരണം ആവശ്യപ്പെട്ടുള്ള കമന്‍റുകളും ധാരാളമായി എത്തി. അതേസമയം സുബി പ്രകടിപ്പിച്ചത് സ്വന്തം അഭിപ്രായമാണെന്നും അതില്‍ എന്താണ് പ്രശ്‍നമെന്നും ചോദിക്കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുബി സുരേഷ് ഇപ്പോള്‍.

ഫെമിനിസം എന്താണെന്ന ഗാഢമായ അറിവ് തനിക്ക് ഇല്ലെന്നും അത് താന്‍ പങ്കെടുക്കുന്ന ഒരു ചാനല്‍ പരിപാടിയിലെ ഗെറ്റപ്പ് ആണെന്നും സുബി പ്രതികരിച്ചു. ഡിലീറ്റ് ചെയ്‍ത പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് സുബിയുടെ പുതിയ പോസ്റ്റ്. വെറുതെ 'ഫെമിനിസ്റ്റ്' എന്ന ക്യാപ്ഷന്‍ ഇടുകയാണ് താന്‍ ചെയ്തതെന്നും ആ പോസ്റ്റിനെ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും സുബി കുറിച്ചു. "ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്", എന്നാണ് സുബിയുടെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!