
ആലപ്പുഴ: പിടികിട്ടാപുള്ളി സുകുമാരകുറുപ്പിന്റെ (Sukumara Kurup) ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. കേരളാ പൊലീസിന്റെ (Kerala Police) ചരിത്രത്തില്‍ ഇത്രത്തോളം സങ്കീര്‍ണമായ കേസ് വേറെയുണ്ടാവില്ല. സംഭവം കഴിഞ്ഞ് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സുകുമാരക്കുറുപ്പിന്റെ സ്വപ്‌നഭവനം അവിടെയുണ്ട്. സംഭവങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായിരുന്ന ആ വീട് ഇന്ന് മാലിന്യ സംഭരണ കേന്ദ്രമാണ്. വണ്ടാനം മെഡിക്കല്‍ കോളേജിനടുത്ത് (Medical Collegr) അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലാണ് 1981ല്‍ സുകുമാരക്കുറുപ്പ് ഈ വീട് നിര്‍മ്മാണം ആരംഭിച്ചത്. വിദേശത്ത് നിന്ന് വന്ന കുറുപ്പ് ഭാര്യ സഹോദരി ഭര്‍ത്താവ് ഭാസ്‌കരപിള്ളയുടെ വീടിനടുത്ത് സ്ഥലം വാങ്ങി. തുടര്‍ന്ന് രണ്ട് നിലകളുള്ള വീടിന്റെ നിര്‍മ്മാണം തുടങ്ങി.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാരക്കുറുപ്പ് പണി തുടങ്ങിയ സ്വപ്നഭവനം പ്രദേശവാസികള്‍ക്ക് അത്ഭുതമായിരുന്നു. അന്ന് ആ പ്രദേശത്തൊന്നും വലിയ വീടുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ മാവേലിക്കരയില്‍ നിന്ന് വന്ന് ബംഗ്ലാവ് പണിയുന്നയാളെ പരിസരവാസികള്‍ അത്ഭുതത്തോടെയും അതിലേറെ ബഹുമാനത്തോടെയുമാണ് കണ്ടത്. മാത്രമല്ല മദ്യസല്‍ക്കാരം നടത്തിയും ആഡംബരം കാട്ടിയും സഹായങ്ങള്‍ ചെയ്തും കുറുപ്പ് നാട്ടുകാര്‍ക്കിടയില്‍ വേണ്ടപ്പെട്ടവനായി.
1984 ജനുവരി 21 ന് വൈകുന്നേരം വരെ വീട് പണിയുന്നിടത്ത് സുകുമാരക്കുറുപ്പ് ഉണ്ടായിരുന്നു. അന്ന് അര്‍ദ്ധരാത്രിയിലാണ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ കൊല്ലപ്പെട്ടതും അത് സുകുമാരക്കുറുപ്പാണെന്ന പ്രചാരണം ഉണ്ടായതും. എന്നാല്‍ സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ തേടി പൊലീസ് പരക്കം പായുമ്പോള്‍ സുകുമാരക്കുറുപ്പ് തൊട്ടടുത്തുള്ള ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. പിന്നീടാണ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ആലപ്പുഴക്കാരന്‍ ചാക്കോ ആണെന്നും നാട്ടുകാര്‍ അറിയുന്നത്.
പിന്നീടൊരിക്കലും ആരും സുകുമാരക്കുറുപ്പിനെ കണ്ടിട്ടില്ല. വിദേശ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാല്‍ സുകുമാരക്കുറുപ്പ് പ്ലാന്‍ ചെയ്ത നാടകത്തിന് എല്ലാ സഹായവും ചെയ്തത് കുറുപ്പിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവ് ഭാസ്‌കരപിള്ളയും മറ്റ് ചിലരുമായിരുന്നു. സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ വണ്ടാനത്തെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു.
ഇന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രമാണ് ഈ വീട്. സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ളയുടെയും സഹായിയായിരുന്ന പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. കാര്‍ ഡ്രൈവര്‍ ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി.
വിലപിടിപ്പുള്ള ആദ്യ ദിവസങ്ങള്‍ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഭാര്യ ശാന്തമ്മ പ്രസവിച്ചു. മകന്‍ ജിതിന്‍ വിവാഹിതനായി. സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ നിന്ന് ശാന്തമ്മ റിട്ടയര്‍ ചെയ്തു. കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ മാനക്കേട് സമ്മാനിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് ജീവിച്ചിരുപ്പുണ്ടോ എന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ